പുതിയ വിവാദങ്ങള്‍ കോണ്‍ഗ്രസ് തകര്‍ച്ചയുടെ വേഗം കൂട്ടി; അഞ്ച് ഗ്രൂപ്പായി വളര്‍ന്നെന്ന് എ. വിജയരാഘവന്‍

 
vijayaraghavan


ഡിസിസി പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായി വളര്‍ന്നുവെന്നും എ വിജയരാഘവന്‍  പ്രതികരിച്ചു.

ദേശീയ തലത്തില്‍ തന്നെ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡിസിസി വിവാദം. കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. പാലക്കാട് ജില്ലയിലെ താഴേതട്ടില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് എ.വി ഗോപിനാഥ്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് ഗോപിനാഥിന്റേത്, അദ്ദേഹത്തിന്റെ നല്ല നിലപാടെന്നും കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും, നടക്കുന്നത് നിയമനങ്ങള്‍ മാത്രമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി

പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ ലിസ്റ്റ് വന്നതിന് പിന്നെലെയാണ് പാലക്കാട് ഡിസിസിയിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. 
എല്ലാം പഠിച്ചു മനസ്സിലാക്കി സാവകാശം ഏത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് എ.വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ആരുടെയും അടുക്കളയില്‍ എച്ചില്‍ നക്കാന്‍ പോവില്ല. അതെന്റെ സ്വഭാവമല്ല. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങള്‍ കിട്ടാനും, നേട്ടങ്ങളുണ്ടാക്കാനും എച്ചില്‍ നക്കിയ ശീലം എ.വി ഗോപിനാഥിന്റെ നിഘണ്ടുവിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.