മലയാളികളുടെ ജോണ്‍ ഹോനായി;  റിസബാവ അന്തരിച്ചു

 
rizabawa

നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. വൃക്കരോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് അന്ത്യം. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം. ബാദുഷയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസവാബ മലയാള സിനിമയില്‍ ശ്രദ്ധേയനായത്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ച റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു. നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.  പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു‌. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. 2010 ല്‍ ഡബ്ബിങ്ങിന് (കര്‍മയോഗി) സംസ്ഥാനപുരസ്കാരം നേടി.