ബലാത്സംഗ കേസ്; വിജയ് ബാബുവിനായി തിരച്ചില്‍; നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

 
vijay-babu

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയേക്കും. കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്നും തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബു പറഞ്ഞത്. എന്നാല്‍ പ്രതിക്കായി വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കാനാണ് പൊലീസ് തീരുമാനം.

വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസുകള്‍. 

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാല്‍ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പീഡന പരാതിക്ക് പിന്നാലെ ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാന്‍ തീരുമാനിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കില്‍ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി 'Women Against Sexual Harassment'  ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.