ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍; കാവ്യാ മാധവനെ ചോദ്യംചെയ്യുന്നു

 
kavya

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 
ആലുവയിലെ 'പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, ആലുവ 'പത്മസരോവരം' വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. 
രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്.

നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. 

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു