നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ കൈമാറിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്തും ഇന്ന് വിശദീകരണം നല്‍കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി നാലിന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് തുടര്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ചിനെതിരെയുള്ള ആരോപണം.എ.ജി. ഓഫിസിലേക്ക് അയച്ച അപേക്ഷയാണെന്നും അത് ചോര്‍ന്നതിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ബൈജു പൗലോസിന്റെ വാദം. എന്നാല്‍ എ.ജി ഓഫിസില്‍ ആര്‍ക്ക് അയച്ചെന്നതിലടക്കം പലതും ഉത്തരമില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.
അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്ക്കുശേഷം ആലുവ പൊലീസ് ക്ലബില്‍ എത്താനാണ് നിര്‍ദേശം. വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കര്‍ ജാമ്യത്തിലാണ്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.