'മോദിജി അവശേഷിപ്പിച്ച ഗുജറാത്ത് മോഡലാണ് ബോറിസ് ജോണ്‍സണ് മുന്നില്‍ മറച്ച് കെട്ടിയത്'

 
d

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചതില്‍ വിമര്‍ശനവുമായി ടി സിദ്ദീഖ് എംഎല്‍എ. ഗുറാത്തില്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് തുണികെട്ടി മറച്ചത്. എക്‌ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തുവിട്ടത്. അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിരുന്നു.

മോദിജി അവശേഷിപ്പിച്ച ഗുജറാത്ത് മോഡലാണു ബോറിസ് ജോണ്‍സണു മുന്നില്‍ മറച്ച് കെട്ടിയതെന്നാണ് സിദ്ദീഖിന്റെ പരിഹാസം. പാവങ്ങളേയും അവരുടെ കൂരകളേയും ഒരു വശത്ത് മറച്ച് വെക്കുമ്പോള്‍ മറു വശത്ത് അദാനി വെല്‍കം ചെയ്യുന്ന ബോര്‍ഡുകളാണു. അതായത് അദാനിക്ക് വേണ്ടിയാണിപ്പോള്‍ ഗുജറാത്തെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 

സിദ്ദിഖിന്റെ വിമര്‍ശനം 

''മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രി, രണ്ട് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി, പതിറ്റാണ്ടുകളായി ഗുജറാത്ത് ഭരിക്കുന്നു, മോദിജി അവശേഷിപ്പിച്ച ഗുജറാത്ത് മോഡലാണു ബോറിസ് ജോണ്‍സണു മുന്നില്‍ മറച്ച് കെട്ടിയത്.  പാവങ്ങളേയും അവരുടെ കൂരകളേയും ഒരു വശത്ത് മറച്ച് വെക്കുമ്പോള്‍ മറു വശത്ത് അദാനി വെല്‍കം ചെയ്യുന്ന ബോഡുകളാണു. അതായത് അദാനിക്ക് വേണ്ടിയാണിപ്പോള്‍ ഗുജറാത്ത്. അല്ലാതെ പാവപ്പെട്ട അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല എന്ന്. ഗുജറാത്ത് അല്ലെങ്കില്‍ ഇന്ത്യ സ്വാഗതം ചെയ്യുന്നേയില്ല, അദാനിക്ക് വേണ്ടി അദാനിയാല്‍ ഭരിക്കപ്പെടുന്ന ഗുജറാത്തും ഇന്ത്യയും.''

2020 ഫെബ്രുവരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന സമയത്ത് അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികള്‍ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉയരത്തില്‍ മതില്‍കെട്ടുകയായിരുന്നു.