'ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നു, ഇനി പ്രവര്‍ത്തനം കേരളത്തില്‍, പാര്‍ട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല'

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 84 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്ട്. ഇന്ദിര മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. ഇത് പോരേ, ഇനി പ്രവര്‍ത്തകസമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനത്തിന്റെ സ്വഭാവം സഹപ്രവര്‍ത്തകരോട് ആലോചിച്ച് തീരുമാനിക്കുമെന്നു ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ആന്റണിയല്ല താനിന്ന്. 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്റെയും വേഗത കുറക്കും. ദേശീയരാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പൂര്‍ണമായി ഒഴിവാകുമെന്നും അദ്ദേഹം പഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് ഏതെങ്കിലും നിലയില്‍ പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല. നെഹ്റു കുടുംബത്തിന്റെ സാന്നിധ്യമില്ലാത്ത നേതൃത്വം കോണ്‍ഗ്രസിന് ഗുണമില്ല. കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷസഖ്യത്തിനും നിലനില്‍പ്പില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
ഇതുവരെ ഒരു സ്ഥാനത്തുനിന്ന് ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണമെന്ന് തോന്നിയപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. സമയമാകുമ്പോള്‍ ഒരു ഉള്‍വിളി വരാറുണ്ട്. ഇനി തുടരുന്നത് ശരിയല്ല എന്ന് തോന്നാറുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായതാണ്. 1984ല്‍ ഇന്ദിരാഗാന്ധിയാണ് വര്‍ക്കിങ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്. ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇന്ദിരാ ഗാന്ധി മുതലുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ കൂടെ 35 വര്‍ഷത്തോളം വര്‍ക്കിങ് കമ്മിറ്റിയില്‍ തുടര്‍ന്നു. ഇത് പോരെ, ഇതില്‍ അപ്പുറത്ത് ആഗ്രഹിക്കുന്നത് ശരിയല്ല, ആന്റണി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തന്നേപ്പോലെ പാര്‍ട്ടി സഹായിച്ച, സൗകര്യം നല്കിയ, അവസരങ്ങള്‍ നല്കിയ നേതാവ് കേരളത്തില്‍ വേറെയില്ലെന്നും ആന്റണി പറഞ്ഞു.