ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത്; പിണറായി സര്‍ക്കാരിലെ ആരോപണങ്ങളൊഴിയാത്ത മന്ത്രിയായി കെ ടി ജലീല്‍

 
ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത്; പിണറായി സര്‍ക്കാരിലെ ആരോപണങ്ങളൊഴിയാത്ത മന്ത്രിയായി കെ ടി ജലീല്‍

ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാരില്‍ ആരോപണങ്ങളൊഴിയാത്ത മന്ത്രിയെന്ന ദുഷ്‌പേര്; കെ ടി ജലീലിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഇടിയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ നാലരക്കൊല്ലമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഭൂമി വിവാദം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധം, യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്‌സല്‍ കൊണ്ടുപോകല്‍; ഏറെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഓരോ തവണയും ജലീലില്‍ നേരിട്ടുകൊണ്ടിരുന്നത്. മറ്റാരോപണങ്ങളില്‍ നിന്നെല്ലാം രാഷ്ട്രീയം പറഞ്ഞ് ഒഴിഞ്ഞുമാറിയ ജലീലിന് പക്ഷേ, സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്നും പതിവ് മാര്‍ഗത്തിലൂടെ ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രിയെന്ന ്അപഖ്യാതി ജലീലിന് മേല്‍ വീണു കഴിഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വീഴ്ത്തി സിപിഎമ്മിന്റെ പ്രിയപ്പെട്ടവനായി മാറിയാണ് ജൈത്രയാത്ര ജലീല്‍ തുടങ്ങിയത്. ആ ഒരൊറ്റ വിജയം കൊണ്ട് തന്റെ പില്‍ക്കാല ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന് മറയ്ക്കാന്‍ കഴിഞ്ഞു. പിണറായി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളില്‍ ഒന്നായ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മന്ത്രി കൂടിയായതോടെ എതിരാളികള്‍ക്കു മുന്നില്‍ കൂടുതല്‍ ശക്തനായി. ഒപ്പം സിപിഎമ്മിന്റെയും പ്രത്യേകിച്ച് പിണറായി വിജയന്റെയും പിന്തുണയും സംരക്ഷണവുംകൂടി സ്വന്തമാക്കി തന്റെ കരുത്ത് കൂട്ടി.

എന്നാല്‍, അത്രനാളും കൊണ്ട് ഉണ്ടാക്കിയെടുത്ത പേരും വിശേഷണങ്ങളുമെല്ലാം തകരുന്ന കാഴ്ച്ചകളായിരുന്നു മന്ത്രിയായശേഷമുള്ള കെ ടി ജലീലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍. തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രകടനങ്ങള്‍ മോശമാണെന്ന വിമര്‍ശനം ഇടതുമുന്നണിയില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടും ജലീലിനെ ഒഴിവാക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. സമ്മര്‍ദ്ദം കൂടിയതോടെ ബന്ധുനിയമന വിവാദത്തില്‍ പുറത്തുപോയ ശേഷം ഇ പി ജയരാജന്‍ തിരികെ എത്തിയപ്പോള്‍ ജലീല്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പെടുത്ത് എ സി മൊയ്തീന് നല്‍കി, പകരം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വഖഫിന്റെയും ചുമതല ജലീലിനെ ഏല്‍പ്പിച്ച് അദ്ദേഹത്തെ മന്ത്രിയായി തുടരാനാണ് പിണറായി തയ്യാറായത്. എന്നാല്‍, പുതിയ വകുപ്പിന്റെ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സര്‍ക്കാരിന് യഥാര്‍ത്ഥ തലവേദനയായി ജലീല്‍ മാറിയത്. സാങ്കേതിക സര്‍വകലാശലയില്‍ ചട്ടവിരുദ്ധമായി അദാലത്തില്‍ പങ്കെടുത്തതും, അനര്‍ഹമായി മാര്‍ക്ക് ദാനം നടത്തിയതുമൊക്കെ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയായിരുന്നു. പരിക്ഷാഫലം വന്നശേഷം വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയ നടപടിയില്‍ ദിവസങ്ങളോളം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തി. എന്നാല്‍, സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജലീലിനെ സംരക്ഷിച്ചതോടെ ആ വിവാദത്തില്‍ നിന്നും ജലീല്‍ രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് തിരൂര്‍ മലയാളം സര്‍വകലാശാല ഭൂമി വിവാദത്തിലും ജലീല്‍ പെടുന്നത്. സിആര്‍ഇസഡ് സോണ്‍ മൂന്നില്‍ പെടുന്ന ഭൂമി സര്‍വകലാശാളയ്ക്ക് വേണ്ടി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കുറഞ്ഞവിലയ്ക്ക് കിട്ടുമായിരുന്നു ഭൂമി വന്‍ വില കൊടുത്ത് വാങ്ങിയതിലൂടെ നടന്ന അഴിമതിയില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് ഭരിക്കുന്ന കെ ടി ജലീലിന് വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം വീണ്ടും സമരത്തിനിറങ്ങിയത്. അന്നും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണ്ടായിരുന്നു.

ഭൂമി വിവാദവും മാര്‍ക്ക് ദാന വിവാദവും പോലെ കെ ടി ജലീലിലൂടെ പിണറായി സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ മറ്റൊരു വിവാദമായിരുന്നു ബന്ധു നിയമനം. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിച്ചതിലൂടെയാണ് ജലീല്‍ വീണ്ടും വാര്‍ത്തയായത്. തസ്തിക നിര്‍ദേശിക്കുന്ന യോഗ്യതകളില്ലാത്തൊരാളെ ബന്ധുവാണെന്ന ഒറ്റക്കാരണം കൊണ്ട് സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരേ വീണ്ടും ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തില്‍ ഉണ്ടായി. അര്‍ഹരായ പല ഉദ്യോഗാര്‍ത്ഥികളെയും മറികടന്നാണ് ഈ നിയമനം നടന്നതെന്ന ആരോപണത്തിന് തെളിവുകളും പുറത്തു വന്നിരുന്നു. വിവാദം കനത്തതോടെ ജലീലിന്റെ അടുത്ത ബന്ധുവായ കെ ടി അബീദ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അന്നും ജലീലിനെ കൈവിടാന്‍ പിണറായി തയ്യാറായില്ല.

തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വെറും രാഷ്ട്രീയ പ്രേരിതമാണെന്ന വാദമായിരുന്നു ജലീല്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇത്തവണ അന്വേഷണ ഏജന്‍സികള്‍ തന്നെയാണ് ജലീലിനു പിന്നാലെ എത്തിയിരിക്കുന്നത്. ഇവിടെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിക്കാന്‍ ജലീലിന് കഴിയുന്നില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷുമായും യുഎഇ കോണ്‍സുല്‍ ജനറലുമായും കെ ടി ജലീല്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിവുകള്‍ സഹിതം പുറത്തു വന്ന കാര്യങ്ങളാണ്. ഈ ബന്ധത്തെ പെരുന്നാള്‍ കിറ്റും മതഗ്രന്ഥവുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ നയതന്ത്രബന്ധ ചട്ടങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലേ സംശയം ഉയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മന്ത്രിയുമായി നേരിട്ട് സംസാരിച്ച് ചെയ്യുന്നതിലെ പൊരുത്തക്കേടുകളാണ് അതിനു വഴിവച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ജലീലിന്റെ കീഴില്‍ വരുന്ന സി ആപ്റ്റിന്റെ (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്) വാഹനത്തിലായിരുന്നു കോണ്‍സുലേറ്റ് ഓഫിസില്‍ നിന്നും മലപ്പുറത്തേക്ക് പാഴ്സലുകള്‍ എത്തിച്ചത്. ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ജലീല്‍ നല്‍കിയ വിശദീകരണങ്ങളില്‍ പാഴ്സലില്‍ മതഗ്രന്ഥങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളുമായിരുന്നുവെന്നാണ് ആവര്‍ത്തിച്ചിരുന്നത്. യുഎഇ എംബസിയില്‍ നിന്നും കോണ്‍സുലേറ്റിലേക്ക് അയച്ച ലഗേജില്‍ മതഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്റെ ബില്ലുകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇതില്‍ നിന്നു തന്നെ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നു തെളിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ജലീല്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ എന്ന വാദം വിശ്വസിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ജലീലിനെ ചോദ്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ ഇനിയുമുണ്ടാകുമെന്ന സൂചനയും അന്വേഷണ ഏജന്‍സി നല്‍കിയിട്ടുണ്ട്. പതിവുപോലെ, സര്‍ക്കാരും സിപിഎമ്മും ജലീലിനെ പിന്തുണച്ചുകൊണ്ടാണ് വന്നിരിക്കുന്നതെങ്കിലും, തള്ളാനും കൊള്ളാനും വയ്യാത്തൊരു ഗതികേടും അതിലുണ്ട്. ജലീലിനോട് രാജി ആവശ്യപ്പെട്ടാല്‍, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ ശരിവയ്ക്കുന്നതുപോലെയാകും, ഭരണപക്ഷത്തിന്റെ പരാജയവും പ്രതിപക്ഷത്തിന്റെ വിജയവുമായി മാറുമത്. ജലീലിനെ കൂടെ നിര്‍ത്തുകയാണെങ്കില്‍, പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരേ ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്താന്‍ വലിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാകും. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരികയും ജലീലിനെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനായിരിക്കും. അതെത്രത്തോളം വിജയിക്കുമെന്നതിലും ഉറപ്പില്ല. ഏതായാലും ഇടതു മുന്നണിക്ക് വലിയ വെല്ലുവിളി തന്നെയാണ് ഈ സിപിഎം സ്വതന്ത്രന്‍ ഉണ്ടാക്കി വച്ചിരിക്കുന്നത്.