കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി

 
Kerala high Court

കോവിഷീല്‍ വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന്  ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹര്‍ജിയാലാണ്  നിര്‍ദേശം. അതേ സമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന് ഇളവ് ബാധകമല്ല.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ വിദേശത്തു പോവുന്നവര്‍ക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. വിദേശത്തു പോവുന്നവര്‍ക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്ന് സര്‍ക്കാര്‍ വിശദികരിച്ചു. 

സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും  ജീവനക്കാര്‍ക്ക് രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് കിറ്റക്സ്  ഹൈക്കോടതിയെ സമീപിച്ചത്.