വീണ്ടുമൊരു ഡിഎന്‍എ വിവാദം; എന്താണ്, എന്തിനാണ് ഡിഎന്‍എ പരിശോധന?

പ്രമാദമായ പല കേസുകള്‍ക്കും ഉത്തരം കണ്ടെത്തിയത് ഡിഎന്‍എ പരിശോധനയിലൂടെയാണ്.
 
dna

തന്റെ അനുമതിയില്ലാതെ താന്‍ പ്രസവിച്ച കുട്ടിയെ ദത്ത് കൊടുത്തെന്ന അനുപമ എസ് ചന്ദ്രന്‍ എന്ന യുവതിയുടെ പരാതിയും, അതിനെ തുടര്‍ന്നുണ്ടായ കേസും, ഏറ്റവും ഒടുവിലായി ദത്ത് നല്‍കിയ കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും നാട്ടിലേക്ക് തിരികെ എത്തിച്ചതുമെല്ലാം കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന സംഭവങ്ങളാണ്. സമീപകാലത്ത് കേരള സമൂഹം ഇത്രയേറെ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം വേറെയൊന്നുണ്ടാകില്ല. അനുപമയുടെ പരാതിക്ക് അടിസ്ഥാനമുണ്ടോ, കുഞ്ഞിനെ അനുപമയ്ക്ക് തിരികെ കിട്ടുമോയെന്ന ചോദ്യങ്ങളാണ് എല്ലായിടത്തും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് തിങ്കളാഴ്ച്ച കുഞ്ഞിനെയും അനുപമയെയും അവരുടെ പങ്കാളി അജിത്തിനെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയത്. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അനുപമയും അജിത്തും ആണോയെന്ന് ഉറപ്പിക്കാനുള്ള ഏറ്റവും ശക്തമായ ശാസ്ത്രീയ തെളിവായിരിക്കും ഡിഎന്‍എ പരിശോധന ഫലം. 

ഇതിനും മുമ്പും പ്രമാദമായ പല കേസുകള്‍ക്കും ഉത്തരം കണ്ടെത്തിയത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. കേരളത്തിലടക്കം വിവാദമായ പല സംഭവങ്ങളിലും നിര്‍ണായക ഘടകമായി ഡിഎന്‍എ പരിശോധന നടന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെയുടെ മകന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ടതും ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനപ്പുറം അദ്ദേഹത്തിന് രോഹിത് തിവാരിയെ മകനായി അംഗീകരിക്കേണ്ടിവന്നതടക്കമുള്ള നിരവധി ശ്രദ്ധേയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഡിഎന്‍എ ടെസ്റ്റ് സാധാരണയായി നടത്തുന്നത് പിതൃത്വം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് പരിശോധനകള്‍ക്കും ജീന്‍ തെറാപ്പിക്കുമെല്ലാമാണ്. പല കേസുകളും തെളിയിക്കപ്പെടുന്നത് ഇതുവഴിയാണ്. ഇപ്പോള്‍ ദത്ത് വിവാദത്തിലും ഡിഎന്‍എ പരിശോധന നിര്‍ണായക ഘടകമാകുമ്പോള്‍ പലരിലും ഉണ്ടായിരിക്കുന്ന സംശയമാണ് എന്താണ് ഡിഎന്‍എ ടെസ്റ്റ് എന്നും അത് എങ്ങനെയാണ് ചെയ്യുന്നത് എന്നും.

എന്താണ് ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങളില്‍ രണ്ടുപേരുടെ ഡിഎന്‍എകള്‍ എത്രത്തോളം സമാനതയുള്ളതാണെന്ന് ഒത്തുനോക്കിയാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്യുന്നത്. ഡിഎന്‍എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ ഒരാളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ സാധിക്കും. കുടുംബ ചരിത്രത്തെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഒരാളുടെ അമ്മ, അച്ഛന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടാകും. ഇതിനെ ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ രക്തമാകാം, മോണയില്‍ നിന്നും പഞ്ഞി ഉപയോഗിച്ചെടുക്കുന്ന കോശങ്ങളാകാം, ശരീരകോശപാളികളുടെ ഭാഗങ്ങളാകാം, മുടിയിഴകളുമാകാം.

ഓട്ടോസോമല്‍ ഡിഎന്‍എ ടെസ്റ്റ്, മൈറ്റോകോഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അമ്മയില്‍ നിന്നും നേരിട്ടു ലഭിക്കുന്നതാണ്. അതിനാല്‍ തന്നെ മാതൃസഹജമായതും അമ്മയുടെ കുടുംബത്തിന്റെ ജീവശാസ്ത്ര വഴി കണ്ടെത്താന്‍ സഹായിക്കുന്നു. )വൈ ക്രോമസോമല്‍ ഡിഎന്‍എ ടെസ്റ്റ് (ഇത് അച്ഛനും മകനും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്നതിനായുള്ളതാണ്). എന്നിങ്ങനെ 3 തരം ഡിഎന്‍എ ടെസ്റ്റാണുള്ളത്.

എന്താണ് ഡിഎന്‍എ

ആര്‍എന്‍എ വൈറസുകള്‍ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജനിതക വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിട്ടുള്ള തന്മാത്രയാണ് ഡീഓക്സീ റൈബോന്യൂക്ലിക്ക് ആസിഡ് എന്ന ഡിഎന്‍എ. ജീവന്റെ തന്മാത്ര എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് ഡിഎന്‍എ തന്മാത്രകളാണ് ക്രോമസോം എന്നറിയപ്പെടുന്നത്. മനുഷ്യന് 23 ജോഡി ക്രോമസോമുകളാണ് ഉണ്ടാകാറുള്ളത്.

മനുഷ്യന്റെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുത്തുന്നതും ഉപാപചയപ്രവര്‍ത്തനഘങ്ങളെ നിയന്ത്രിക്കുന്നതുമായ പ്രോട്ടീനുകള്‍ ഏതുതരത്തിലുള്ളവ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഎന്‍എയാണ്. 1868 ലാണ് ഡിഎന്‍എയുടെ കണ്ടുപിടിക്കുന്നത്. ഇത് ജീവശാസ്ത്ര രംഗത്തെ നാഴികകല്ലായിരുന്നു