ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല; തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര നേതൃത്വം വിലയിരുത്തും: എ.പി അബ്ദുള്ളക്കുട്ടി

 
ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല; തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര നേതൃത്വം വിലയിരുത്തും: എ.പി അബ്ദുള്ളക്കുട്ടി

കേരളത്തില്‍ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര നേതൃത്വം വിലയിരുത്തും. പോരായ്മകള്‍ വിമര്‍ശനപരമായി പരിശോധിക്കും. ബിജെപിയ്ക്ക് ജയ സാധ്യതയുള്ള ഇടങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത് തിരിച്ചടിയാണ്. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അതേസമയം, ബിജെപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. കെ സുരേന്ദ്രനെ അധ്യക്ഷ സംസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍, പി കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും കേന്ദ്ര നേതൃത്വത്തിന് വെവ്വേറെ കത്തയച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെതിരെ നേതാക്കള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജയിച്ച വാര്‍ഡുകളുടെ എണ്ണം 2015നെ അപേക്ഷിച്ച് വര്‍ധിച്ചതായുള്ള അവകാശവാദങ്ങളില്‍ കാര്യമില്ല. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും കനത്ത തോല്‍വിയാണുണ്ടായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആരോപണം.