അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുന്നു; നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളനം 

 
_Arvind_Kejriwal

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍  ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുന്നു. ഇന്ന് വൈകുന്നേരം കൊച്ചിയിലെത്തുന്ന കെജ്‌രിവാള്‍ നാളെ ആംആദ്മി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിന്റെ തുടക്കമായാണ് കെജ്‌രിവാളിന്റെ സന്ദര്‍ശനമെന്നും റിപോര്‍ട്ടുകളുണ്ട്. 

ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരം പിടിച്ച ശേഷമാണ് എഎപി കേരളത്തിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി-20യുമായി സഖ്യമില്ലെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ച് മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ എഎപിയോ അരവിന്ദ് കെജ്രിവാളോ എഎപിയോ ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചനകള്‍.

നാളെ ട്വന്റി- 20യുടെ ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് പൊതുസമ്മേളനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.  വൈകീട്ട് നാലുമണിയോടെ കെജ്‌രിവാള്‍ കിഴക്കമ്പലത്തെ ട്വന്ററി 20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ശിക്കും. അതിന് ശേഷമാകും കിഴക്കമ്പലത്തെ കിറ്റക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമത്തില്‍ പങ്കെടുക്കക. പൊതു സമ്മേളത്തില്‍ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

തൃക്കാക്കരയില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ചിത്രവും നാളെ വ്യക്തമാവും. ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ, ട്വന്റി- 20യുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെ എന്ന തീരുമാനത്തിലേക്ക് എഎപി എത്തുകയായിരുന്നു.