'അസാനി' തീവ്രചുഴലിക്കാറ്റായി; കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത,  ജാഗ്രത മുന്നറിയിപ്പ് 

 
wind

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി. പോര്‍ട് ബ്ലെയറിന് 570 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി  നീങ്ങുന്ന ചുഴലിക്കാറ്റ്  നാളെ രാത്രി ആന്ധ്ര, ഒഡീഷ തീരത്തിന് സമാന്തരമായി എത്തും. നിലവിലെ സ്ഥിതിയില്‍ ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. 

അസാനി''യുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം  എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വ്യാഴാഴ്ചയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അസാനി ചുഴലികാറ്റ്, വരും മണിക്കൂറുകളില്‍ ശക്തി കുറഞ്ഞു തുടങ്ങുമെന്നും നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 117 - 145 കിലോമീറ്റര്‍ ഉണ്ടെങ്കിലും അത് താഴ്ന്നു 100 ല്‍ താഴെ ആകും. പിന്നെ ക്രമാതീതമായി കുറഞ്ഞു മൂന്നു ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ബംഗ്ലാദേശില്‍ പതിച്ചേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. 

അസാനി ഇപ്പോള്‍ കൊല്‍ക്കൊത്തയില്‍ നിന്നും ഏകദേശം 900 കിലോമീറ്റര്‍ അകലെയാണ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്നു . ചുഴലി കാറ്റിന്റെ വിസ്താരം ഏകദേശം 600 കിലോമീറ്റര്‍ വരും. സിസ്റ്റം കുറേ മണിക്കൂറുകള്‍ കഴിയുമ്പോള്‍ വടക്കോട്ട് തിരിഞ്ഞുതുടങ്ങും. പിന്നെ ആന്ധ്ര - ഒഡിഷ - പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് സമാന്തരമായി  സഞ്ചരിക്കും. മൂന്നു ദിവസങ്ങളോളം ഏകദേശം 400 കിലോമീറ്റര്‍ അകലെ കൂടി. പിന്നെ വടക്ക് കിഴക്കോട്ടും പിന്നെ കിഴക്കോട്ടും കൂടുതല്‍ തിരിഞ്ഞു ബംഗ്ലാദേശില്‍ എത്തി ന്യൂന മര്‍ദമാകും.

.