നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി

 
chennithala

നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളി.  തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹര്‍ജിയും തള്ളി.  ​അഭിഭാഷക പരിഷത്ത് നൽകിയ ഹര്‍ജിയും  കോടതി തള്ളി​.  ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് കോടതി വിധിയിൽ പറയുന്നു.

കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ്സഹ‍ർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം. തടസ്സഹർജി തള്ളിയതോടെ ഈ മാസം 23 മുതൽ എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹ‍ർജിയിൽ സിജെഎം കോടതി വാദം കേൾക്കും. 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എംഎൽഎ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിൽ രമേശ്‌ ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് രമേശ്‌ ചെന്നിത്തലയുടേത്. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആർജവമുണ്ടെങ്കിൽ വനിതാ സാമാജികരെ ആക്രമിച്ച കേസിൽ ആണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവൻകുട്ടി  പറഞ്ഞു.