ആരോഗ്യപ്രവര്‍ത്തകയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; ആക്രമണം കോവിഡ് ഡ്യൂട്ടി കഴിഞ്ഞുവരുന്നതിനിടെ

 
crime

കോവിഡ് ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. ആലപ്പുഴ വണ്ടാനം  മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയ്ക്കു നേരെയായിരുന്നു അതിക്രമം.

ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടുപേർ രാത്രിയിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ ഇവർ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം.  തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ റോഡിലേക്ക് കയറിയപ്പോഴാണ്  ആരോഗ്യപ്രവര്‍ത്തകയെ ബൈക്കിലെത്തിയ രണ്ടു പേർ സുബിനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബൈക്കിലെത്തിയവർ  തലക്ക് പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റിൽ ഇടിച്ച് മറിയുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ച അക്രമികൾ ആരോഗ്യപ്രവര്‍ത്തകയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടുപോകാൻ ശ്രമിച്ചു. കുതറിമാറി ആരോഗ്യപ്രവര്‍ത്തക സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പെട്രോളിങ് വാഹനം വന്നത്. പൊലീസിനെ കണ്ട പ്രതികൾ തോട്ടപ്പള്ളി ഭാഗത്ത് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ആരോഗ്യപ്രവര്‍ത്തക ചികിത്സയിലാണ്.  പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.