'ആര്‍സി ബ്രിഗേഡുമായി ബന്ധമില്ല; ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

 
chennithala

ഡിസിസി പുനസംഘടനയുടെ ഭാഗമായി പുതിയ പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത 'ആര്‍സി ബ്രിഗേഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവാദങ്ങള്‍ക്കിടയാക്കിയ ആര്‍ സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്‌ക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നാണ് വിശദീകരണം. ഡിസിസി പട്ടിക ഇറങ്ങിയാല്‍ എ ഗ്രൂപ്പിനെയും ചേര്‍ത്ത് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടേതെന്ന പേരില്‍ വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നിരുന്നു. ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് 'ആര്‍സി ബ്രിഗേഡ്' വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പറയുന്നത്.

'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച. വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്നുള്ള കളിക്കെതിരെ നില്‍ക്കണമെന്നും പട്ടിക ഇറങ്ങിയാല്‍ പുതിയ ഗൂപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കണമെന്നുമായിരുന്നു ആഹ്വാനം.  ചെന്നിത്തലയെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ഗ്രൂപ്പില്‍ ഉള്ളതെന്നാണ് പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാകുന്നത്.