വിദ്യാര്‍ഥിനികളെ തീവ്രവാദ ചിന്തകളിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സിപിഎം

 
CPM Flags

യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം വീണ്ടും ചര്‍ച്ചയാക്കുന്നു

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിപിഎം. പ്രൊഫഷണല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സിപിഎം പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് പരാമര്‍ശം.

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗത്തെക്കുറിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടിലാണ് വര്‍ഗീയത, തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നതായി സിപിഎം ആരോപിക്കുന്നത്. 

കുറിപ്പില്‍നിന്ന്

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെയും നാം കാണേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് മനസിലാക്കണം. മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടും ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ട്. ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെപോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഊന്നുന്നത്. അധികാരത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തെരഞ്ഞെടുപ്പിലും ആ ബാന്ധവം തുടര്‍ന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. ഇതിനെ തുറന്നുകാട്ടി മുന്നോട്ടുപോകാനാവണം. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പ്രൊഫഷണല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.  

CPM