'ഞാനൊരു പ്രശ്‌നമാവില്ല, പാര്‍ട്ടിയെ ഹൃദയത്തില്‍ നിന്നും ഇറക്കിവയ്ക്കാന്‍ സമയം ആവശ്യം, കോണ്‍ഗ്രസ് വിട്ട് എ.വി ഗോപിനാഥ് 
 

 
AV-Gopinath

പാലക്കാട്ടെ കോൺ​ഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവച്ചു. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘ‍ർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ എ.വി.​ പിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നു. അതിന് നിരവധി പ്രശ്‌നങ്ങള്‍ തീര്‍ക്കണം. അങ്ങനെയുള്ള നിലയില്‍ ഒരു പ്രശ്‌നക്കാരനായി നില്‍ക്കാന്‍ താല്‍പര്യമില്ല. പാലക്കാട് ഞാനൊരു പ്രശ്‌നമാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു രാജി. മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും എ.വി ഗോപിനാഥ്  വ്യക്തമാക്കി.

15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിർത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാൻ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. നേതാക്കളുടെ കയ്യില്‍ നിന്നും കോണ്‍ഗ്രസിലെ കാര്യങ്ങള്‍ വിട്ടുപോയിരിക്കുന്നു. പാര്‍ട്ടിയിലെ സംഭവങ്ങള്‍ മനസിനെവേദനിപ്പിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജിവയ്ച്ചതിന് പിന്നാലെ എവിടെക്ക് പോവുന്നു എന്ന ചോദ്യം ഉയരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഇപ്പോളില്ല. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നും ഇറക്കിവയ്ക്കാന്‍ സമയം ആവശ്യം. ആരോടും ബന്ധപ്പെട്ടില്ല. ഒരു പാര്‍ട്ടിയുടെയും പിന്നാമ്പുറത്ത് എച്ചില്‍ തേടി പോവില്ലെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.

കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിന് പിണറായിയുടെ എച്ചിലെടുക്കേണ്ടി വരുമെന്ന മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ സമൂഹമാധ്യമ കുറിപ്പിനുള്ള പ്രതികരണമായിരുന്നു ഗോപിനാഥിന്റെ പ്രസ്താവന. അനില്‍ അക്കരയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഗോപിനാഥ്, താന്‍ ആരുടെയും എച്ചില്‍ നക്കാന്‍ പോയിട്ടില്ലെന്നും പക്ഷേ തന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ടെന്നും അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തുറന്നടിച്ചു.

വാര്‍ത്താ സമ്മേളനം നടക്കുന്ന പെരിങ്ങോട്ടു കുറിശ്ശി ത്രീ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും എ.വി ഗോപിനാഥിന് പിന്തുണയറിച്ച് എത്തിയിരുന്നു. പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റുമടക്കം 11 ഭരണ സമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.