കുട്ടിയുടെ ഡിഎന്‍എ പരിശോധന ഇന്ന്;  പരാതികളുമായി അനുപമ

അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ പരിശോധന എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല
 
 
anupa-ajith

ദത്ത് വിവാദ വിഷയത്തില്‍ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും കേരളത്തില്‍ എത്തിച്ച കുട്ടിയുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ ഇന്ന് നടക്കും. അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ എന്നവകാശപ്പെടുന്ന അനുപമ എസ് ചന്ദ്രന്റെയും അജിത് കുമാറിന്റെയോ ഡിഎന്‍എ പരിശോധന എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും അനുപമയ്‌ക്കോ അജിത്തിനോ യാതൊരു അറിയിപ്പും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും മുന്നേ കുട്ടിയെ കാണിക്കണമെന്ന അനുപമയുടെ ആവശ്യവും നിരാകരിക്കപ്പെട്ടു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ല ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനില്‍ പാര്‍പ്പിച്ചിരിക്കുന്ന കുഞ്ഞിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയാണ്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ വിജയവാഡയില്‍ നിന്നും കുഞ്ഞിനെ കേരളത്തില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ കുട്ടിയെ ഹാജരാക്കിയശേഷം സിഡബ്ല്യുസിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്.

തന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന നടത്തണമെന്നതായിരുന്നു അനുപമയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ അനുപമയെ പൂര്‍ണമായി ഒഴിവാക്കുന്ന നിലപാടാണ് ഇതുവരെയായിട്ടും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണമ ഉയര്‍ത്തിയായിരുന്നു കുട്ടിയുടെ വൈദ്യപരിശോധന വേളയില്‍ തന്റെയും സാന്നിധ്യം ഉറപ്പാക്കണമെന്ന് അനുപമ ആവശ്യപ്പെട്ടത്. ബാലാവകാശ കമ്മിഷനും ഡിബ്ല്യുസിയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതിയും അനുപമ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ദുരുദേശ്യപരമാണെന്നാണ് അനുപമ ആരോപിക്കുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ ഡിഎന്‍എ പരിശോധന ഫലം കിട്ടുമെന്നാണ് അറിയുന്നത്. നവംബര്‍ 30 ന് തിരുവനന്തപുരം കുടുംബ കോടതി ദത്ത് വിവാദത്തിന്മേലുള്ള കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനു മുമ്പായി ഡിഎന്‍എ പരിശോധന ഫലം ലഭിക്കേണ്ടതുള്ളതുകൊണ്ട്, ഇന്നോ നാളെയോ തന്നെ അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ പരിശോധനകളും നടത്തുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

മൂന്നുമാസവും ഏഴു ദിവസവും സ്വന്തം കുട്ടിയായി വളര്‍ത്തിയശേഷമാണ് ആന്ധ്ര ദമ്പതികള്‍ കുട്ടിയെ വിട്ടുകൊടുത്തത്. കേരളത്തില്‍ നിന്നുള്ള ശിശുക്ഷേമ സമിതി പ്രതിനിധികളും ആന്ധ്രപ്രദേശ് വനിത-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്നാണ് കുട്ടിയെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിന്റെ ആവശ്യകത ആന്ധ്ര ദമ്പതികളെ ബോധ്യപ്പെടുത്തിയത്. കാര്യങ്ങള്‍ മനസിലാക്കി, ഏറെ മാനസിക ബുദ്ധിമുട്ടോടെയാണെങ്കിലും കുട്ടിയെ കൈമാറാന്‍ ഒടുവില്‍ ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. പ്രത്യേക ജുവനൈല്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് കുട്ടിയെ ഇന്നലെ കേരളത്തില്‍ എത്തിച്ചത്. കുട്ടിയെ തിരികെ എത്തിച്ചെങ്കിലും അനുപമ ഇപ്പോഴും തന്റെ സമരം തുടരുകയാണ്.