എന്‍ഐഎ കേസിലും ജാമ്യം; ഒരു വര്‍ഷത്തിന് ശേഷം സ്വപ്‌ന സുരേഷ് പുറത്തേക്ക് 

 
swapna

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ഒരുവര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം സ്വപ്ന സുരേഷ് പുറത്തേക്ക്. എന്‍ഐഎ. രജിസ്റ്റര്‍ ചെയ്ത യുഎപിഎ. കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. സ്വപ്നയ്‌ക്കെതിരായ കോഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയതിനാല്‍ ഇവര്‍ക്കു ജയില്‍മോചിതയാകാന്‍ അവസരം ഒരുങ്ങി.യുഎപിഎ കേസിലും സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്‍ഐഎയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

യുഎപിഎ കേസില്‍ സ്വപ്ന ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളായ പി.എസ്.സരിത്, മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാല്‍, റബ്ബിന്‍സ്, കെ.ടി.ഷറഫുദീന്‍, മുഹമ്മദാലി എന്നിവര്‍ക്കാണ് ജാമ്യം. പ്രതികള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി ജയിലില്‍ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കരുതല്‍ തടങ്കല്‍ കഴിഞ്ഞതിനാല്‍ സ്വപ്നയ്ക്ക് മാത്രമേ നിലവില്‍ ജയില്‍മോചനം സാധ്യമാവുകയുള്ളൂ. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇതിന്റെ രേഖകള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിച്ചാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. എന്നാല്‍ കേസിലെ മറ്റുപ്രതികള്‍ കരുതല്‍ തടങ്കലിലായതിനാല്‍ ഇവരുടെ ജയില്‍മോചനം വൈകിയേക്കും. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന സുരേഷിലേക്ക്  അന്വേഷണം എത്തുന്നത്. യുഎഇ. കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന ചെറുപ്പക്കാരിക്കാണ് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതെന്നും പ്രമുഖര്‍ക്കൊപ്പമുള്ള സ്വപ്നയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദങ്ങളും ഉണ്ടായി. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്നയ്ക്ക് നല്‍കിയ നിയമനവും ചര്‍ച്ചയായി. യു.എ.ഇയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്വപ്നയുടെ ബിരുദം വ്യാജമാണെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. നേരത്തെ എയര്‍ ഇന്ത്യ സ്റ്റാറ്റ്സില്‍ ജോലിചെയ്യുന്നതിനിടെ നല്‍കിയ വ്യാജ പീഡന പരാതികളിലും അന്വേഷണമുണ്ടായി. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്, എന്‍.ഐ.എ. ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് സ്വപ്നയെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നത്. എന്‍ഐഎ യുഎപിഎ. കുറ്റവും ചുമത്തി.