മദ്യവില്‍പ്പന ഇനി കെഎസ്ആര്‍ടിസി ഡിപ്പോകളിലും; ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമെന്ന് മന്ത്രി

 
ksrtc

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും. കെഎസ്ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു. പുതിയ തീരുമാനത്തില്‍ നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്നതും കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദേശവും കെഎസ്ആര്‍ടിസി മുന്‍പോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാനാവും. 

കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ വര്‍ഷങ്ങളായി നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കിടപ്പുണ്ട്. ബെവ്‌കോയുടെ വില്‍പ്പനശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് ഇതിന് ബെവ്‌കോ നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ പുതിയ പദ്ധതി വഴിയൊരുക്കും.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. അനുവദനീയമായ അളവില്‍ മദ്യവുമായി യാത്ര ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. ബെവ്‌കോക്ക് മാത്രമല്ല, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന എത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കടമുറികള്‍ വാടകക്ക് നല്‍കുമെന്നും  ഗതാഗതമന്ത്രി വ്യക്തമാക്കി.