'അനാദരവ് കാണിച്ചത് ഞാനല്ല; പാര്‍ലമെന്റ് വളപ്പിലെങ്ങും ഭഗത് സിംഗിന്  സ്ഥാനം കൊടുക്കാത്തവര്‍ക്കാണ് ഇപ്പോള്‍ ഉള്‍വിളി'

 
mb rajesh


സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗിനേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും താരതമ്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ
വിവാദങ്ങളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞതിന് എം.ബി. രാജേഷിനെതിരെ യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു  മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയത്? എന്ന് തുടങ്ങുന്ന കുറിപ്പില്‍ വസ്തുകള്‍ നിരത്തിയാണ് എം.ബി. രാജേഷിന്റെ മറുപടി. 


കുറിപ്പിന്റെ പൂര്‍ണരൂപം 

ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി എന്നാണല്ലോ ഇപ്പോള്‍ എനിക്കെതിരെ  ചിലര്‍ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം. ഭഗത്  സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടു ത്തുന്നതാണ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു  മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയത്? ചില വസ്തുതകള്‍ ഇപ്പോള്‍ പറയേണ്ടതുണ്ട്. 

1. 2017 മാര്‍ച്ച് 23  ന്  ഭഗത്  സിംഗ് രക്തസാക്ഷിദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഞാനൊരു ആവശ്യമുയര്‍ത്തിയിരുന്നു. ചണ്ഡീഗഡ് വിമാനത്താവളത്തിന് അനശ്വര രക്തസാക്ഷിയായ ഭഗത് സിംഗിന്റെ പേര് നല്‍കണമെന്നതായിരുന്നു  ആവശ്യം. പഞ്ചാബില്‍ നിന്നുള്ള എം പിമാര്‍ ഒറ്റക്കെട്ടായും മറ്റു  സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ പാര്‍ട്ടികളില്‍ പെട്ട നിരവധി അംഗങ്ങളും അതിനെ പിന്തുണച്ചു. ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രം മൗനം പാലിച്ചു. ആ ആവശ്യം ഉന്നയിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ഒട്ടും അര്‍ഹനല്ലാത്ത, സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ഒരാളുടെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന പത്രവാര്‍ത്തയുടെ  അടിസ്ഥാനത്തിലാണ് ഭഗത് സിങ്ങിന്റെ പേരാണ് കൊടുക്കേണ്ടതെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. ആ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അന്ന് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്‍കിയതായി എന്റെ അറിവിലില്ല.ഭഗത്  സിംഗിനോട് പെട്ടെന്നിപ്പോള്‍ ഒരു സ്‌നേഹം ഉദിച്ചിരിക്കയാണല്ലോ. എന്തായാലും ഭഗത് സിംഗിന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന  നാല് വര്‍ഷം പഴക്കമുള്ള എന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റുമോ? ഭഗത് സിംഗിനോടുള്ള ആദരവ് എത്രത്തോളമുണ്ടെന്ന് കാണട്ടെ. 

2. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിച്ചത് സ. മുഹമ്മദ് സലിം രാജ്യസഭാ അംഗമായിരുന്നപ്പോള്‍ നല്‍കിയ ഒരു കത്തിനെ തുടര്‍ന്നാണ്. മുഹമ്മദ് സലിം അന്ന് ഡി വൈ എഫ് ഐ യുടെ ജനറല്‍ സെക്രട്ടറിയുമാണ്.അന്ന് ഉപരാഷ്ട്രപതി ആയിരുന്ന കെ ആര്‍ നാരായണന്‍ പ്രതിമ സ്ഥാപിക്കണമെന്ന സലീമിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ചിലര്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചു. ആവശ്യം കോള്‍ഡ് സ്റ്റോറേജിലായി. 1998 ല്‍ ശ്രീ. എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ തന്നെ അനാച്ഛാദനം ചെയ്ത് വിവാദമുയര്‍ത്തിയത് എല്ലാവരും ഓര്‍ക്കുമല്ലോ. സവര്‍ക്കര്‍ക്ക് സെന്‍ട്രല്‍ ഹാളില്‍ തന്നെ സ്ഥാനം  കിട്ടിയപ്പോഴും പാര്‍ലമെന്റ് വളപ്പിലെങ്ങും ഭഗത് സിംഗിന്  സ്ഥാനം കൊടുക്കാത്തവര്‍ക്കാണ് ഇപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായിരിക്കുന്നത് .

2004ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഹമ്മദ് സലിം ലോക്‌സഭയിലെത്തിയിരുന്നു. അദ്ദേഹം വീണ്ടും ഈ ആവശ്യം ഉന്നയിച്ച് ലോക്‌സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജിക്ക് കത്ത് നല്‍കി. തുടര്‍ന്ന് ഇതുസംബന്ധിച്ച്  പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ച നടത്തുകയും  മുഹമ്മദ് സലീമിന്റെ ആവശ്യം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും പാര്‍ലമെന്ററി സമിതിയും അംഗീകരിക്കുകയും ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഭഗത് സിംഗിന്റെ പ്രതിമ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരന്റെ തൂക്കുമരമേറിയ ഭഗത് സിംഗിനെ നിഷ്‌കരുണം അവഗണിക്കുകയും  അധികാരം കിട്ടിയ ഉടന്‍, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെ
ഴുതുകയും ചെയ്ത സവര്‍ക്കറെ  പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച് ആദരിക്കുകയും ചെയ്തവരാണ് ഭഗത് സിംഗിനോട് അനാദരവ് കാണിച്ചത്. ഞാനല്ല. 

3. ഭഗത് സിംഗിനോട് മാത്രമല്ല ജാലിയന്‍വാലാ  ബാഗ് രക്തസാക്ഷികളോടുമുള്ള ഇവരുടെ സമീപനം വ്യത്യസ്തമായിരുന്നില്ല. 2019 ല്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷി സ്മാരകം നേരിടുന്ന അവഗണനയും ഫണ്ട് അനുവദിക്കാത്തതിനാല്‍ അവിടത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നിര്‍ത്തലാക്കിയതും സംബന്ധിച്ച വിഷയം  ലോക്‌സഭയില്‍ ഉന്നയിച്ചത് ഞാനായിരുന്നു. മാത്രമല്ല, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടന്‍ മാപ്പു ചോദിക്കണമെന്ന ആവശ്യവും പാര്‍ലമെന്റില്‍ ശ്രീ. ശശി തരൂരും ഞാനും ഉയര്‍ത്തുകയുണ്ടായി. ജാലിയന്‍വാലാബാഗ് രക്തസാക്ഷി സ്മാരകത്തെ അവഗണിക്കുന്നതിനെതിരെയും ഫണ്ട് അനുവദിക്കാത്തതിനെതിരെയും ഞാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഹിന്ദുവിന്റെയും മുസല്‍മാന്റെയും സിഖുകാരുടെയുമെല്ലാം ചോര ഒരുമിച്ചൊഴുകിപ്പരന്ന  ജാലിയന്‍വാലാബാഗ് പോലുള്ള സമരമുഖങ്ങളില്‍ നിന്നാണ് ആധുനിക ഇന്ത്യ എന്ന ആശയം ഉയര്‍ന്നുവന്നത്. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്റെ ശത്രുപക്ഷത്തുള്ളവര്‍ക്ക് ആ രക്തസാക്ഷിത്വങ്ങളോട് മമത തോന്നാത്തത് സ്വാഭാവികം.2019ല്‍   ജാലിയന്‍വാലാബാഗ് രക്തസാക്ഷിത്വത്തിന്റെ ശതാബ്ദി വര്‍ഷമായിരുന്നല്ലോ അത് ഉചിതമായ നിലയില്‍ രാജ്യമാകെ ആചരിക്കാന്‍ എന്തുകൊണ്ടാണ് ഇവര്‍ മുന്‍കയ്യെടുക്കാതിരുന്നത്? 

4.  ഞാന്‍ പ്രവര്‍ത്തിച്ചതും വളര്‍ന്നുവന്നതും  ഡി വൈ എഫ് ഐ എന്ന യുവജന സംഘടനയിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ.ഒരു  ചരിത്ര വസ്തുത കൂടി ഓര്‍മ്മിപ്പിക്കട്ടെ. 1980ല്‍ ലുധിയാനയില്‍ ഡി വൈ എഫ് ഐയുടെ  രൂപീകരണ  സമ്മേളനത്തില്‍ അഭിവാദ്യമര്‍പ്പിക്കാന്‍  ഉടനീളം രണ്ടു പേരുടെ സാന്നിധ്യമുണ്ടായിരുന്നു. പണ്ഡിറ്റ് ശിവവര്‍മയും  പണ്ഡിറ്റ് കിഷോരിലാലും. രണ്ടു പേരും ഭഗത് സിംഗിന്റെ ഉറ്റ സഖാക്കളും സഹപ്രവര്‍ത്തകരും ഭഗത് സിംഗിനൊപ്പം ജയിലില്‍ കഴിഞ്ഞവരുമാണ്. ഭഗത് സിംഗിന്റെ ആ പാരമ്പര്യം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. മാത്രമല്ല കട്കട്കലാനിലെ ഭഗത് സിംഗിന്റെ ജന്മഗൃഹത്തില്‍ പോകാനും അദ്ദേഹത്തിന്റെ ജന്മനാട്ടിലെ രക്തസാക്ഷി ദിനാചാരണത്തില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ആവേശകരമായ അനുഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട്  ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ല.