ആഡംബര കാറുകളില്‍ നായയെയും കൂട്ടി യാത്ര; പിടിയിലായത് വന്‍ ലഹരി സംഘം

 
crime

കൊച്ചിയില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ സംഘം കാക്കനാട് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരിമരുന്നു വില്‍പന നടത്തിയിരുന്നവരെന്ന് കണ്ടെത്തല്‍. ഒരു യുവതിയുള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയിലായത്. യുവതി ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ എന്ന പേരില്‍ യാത്ര ചെയ്യുകയും ഫ്‌ലാറ്റില്‍ താമസിച്ച് ഇടപാടു നടത്തുകയും ചെയ്തവരാണ് പിടിയിലായിരിക്കുന്നത്. ആഡംബര കാറുകളില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ കുടുംബാംഗങ്ങളാണെന്നു വരുത്തി പരിശോധനകളില്‍നിന്നു രക്ഷപ്പെടാന്‍ നായയെയും ഒപ്പം കരുതിയിരുന്നു. കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ  കസ്റ്റംസും എക്സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. 
ഒരു കോടി രൂപയുടെ 84 ഗ്രാം എംഡിഎംഎയുമായി ഇവര്‍ എക്സൈസ് പിടിയിലായത്. 

കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചെന്നൈയില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തിയിരുന്ന സംഘമാണ് പിടിയിലായത്.  കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്‌ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരാണ് പിടിയിലായത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ ലഹരിമരുന്ന് അതിര്‍ത്തി വഴി കടത്തിയിരുന്നത്. ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നത്. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്. സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുക. വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്‌പോസ്റ്റുകളില്‍ ഇവര്‍ പറയും. ഇങ്ങനെ ചെക്‌പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഒരു കോടി രൂപയുടെ ലഹരിമരുന്ന് ഇവര്‍ കടത്തിക്കൊണ്ടുവന്നത്. ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും അറിയിച്ചു. 

ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു.