സമ്പന്നരായ പ്രവാസികളെ സ്വാധീനിക്കാന്‍ യുവതികളെ ഉപയോഗിച്ചു; വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ 

 
VIJY BABU


നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലില്‍ പൊലീസ് അന്വേഷണം. വിജയ്ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 

പീഡനത്തിന് ഇരയായ നടിയുടെ മൊഴികളില്‍ വിജയ് ബാബുവിന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചന ലഭിച്ചതോടെയാണ് 
നടന്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ്ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചതയാണ് വിവരം. ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.