സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ സിലബസില്‍; വിസിയോട് വിശദീകരണം തേടി 

 
Kannur

പ്രതിഷേധവുമായി എഐഎസ്എഫ്, കെഎസ്‌യു, സംവാദം നടത്തുമെന്ന് എസ്എഫ്‌ഐ

സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വെസ് ചാന്‍സലറോട് വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് അതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കും. വിഷയത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്നം എന്ന് പഠിച്ചശേഷം മറുപടി പറയാമെന്നും മന്ത്രി പ്രതികരിച്ചു. 

വിഷയം വളരെ സെന്‍സിറ്റീവായതാണ്. അതുകൊണ്ടു തന്നെ സര്‍വകലാശാലയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേട്ടശേഷം അഭിപ്രായം പറയാം. നമ്മുടെ രാജ്യം മതേതരമാണ്. അതിനാല്‍ വലിയ തോതില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ സിലബസില്‍ ഉണ്ടാകുന്നത് അപകടകരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിനു ശേഷമേ കൂടുതല്‍ മറുപടി പറയാന്‍ കഴിയു. സിലബസ് മരവിപ്പിക്കേണ്ടതുണ്ടോ എന്ന് വിസിയുടെ വിശദീകരണത്തിനു ശേഷം തീരുമാനമെടുത്ത് അറിയിക്കാം. വൈസ് ചാന്‍സലറുടെ മറുപടി വകുപ്പിന് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ സാധിക്കു. വിഷയത്തില്‍ ഒദ്യോഗികമായ വിശദീകരണം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍വകലാശാല സിലബസില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും അപ്രസക്തരാക്കി ഗോള്‍വാക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നല്‍കിയെന്ന് കെഎസ്‌യു പറഞ്ഞു. വിസിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നാണ് വിസി ഉറപ്പു നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകരും പതിഷേധം സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞവര്‍ഷമാണ് ബ്രണ്ണന്‍ കോളേജില്‍ എം.എ ഗവേണന്‍സ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതില്‍ ഈവര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പറില്‍ ചര്‍ച്ചചെയ്തു പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസില്‍ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നാണ് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. പ്രതിഷേധം ഭയന്ന് സിലബസ് പിന്‍വലിക്കില്ലെന്നും കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം, വിഷയത്തില്‍ സംവാദം നടത്തുമെന്നാണ് എസ്എഫ്‌ഐ പ്രതികരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളും പഠിക്കണ്ടേ? നമുക്ക് യോജിപ്പില്ലെങ്കിലും എല്ലാ ചിന്താധാരയും പഠിക്കേണ്ടതുണ്ട്. വിഷയത്തില്‍ സംവാദം നടത്തും. അധ്യാപകരുമായി ചര്‍ച്ച നടത്തുമെന്നാണ് സര്‍വകലാശാല യൂണിയന്റെ പ്രതികരണം.