'അസമയത്തെ കറക്കം' നിര്‍ത്താന്‍  ഞങ്ങളുടെ ബിസിനസ് തകര്‍ക്കണോ? പൊലീസിനോട് ടര്‍ഫ് ഉടമകള്‍ ചോദിക്കുന്നു

വയനാട് ജില്ലയില്‍ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തിക്കരുതെന്നാണ് ജില്ല പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവ്
 
 
football turf

വയനാട് ജില്ലയില്‍ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തിക്കരുതെന്നു പൊലീസ്. ടര്‍ഫില്‍ കളിക്കാനെന്ന പേരില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നിറങ്ങി അസമയത്ത് ടൗണില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു നിയന്ത്രണമെന്ന വാദമാണ് പൊലീസിനുള്ളത്. പത്ത് മണി കഴിഞ്ഞ് ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചാല്‍ നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഇത്തരമൊരു ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വയനാട്ടിലെ അടക്കം ഫുട്‌ബോള്‍ ടര്‍ഫ് ഉടമസ്ഥര്‍ പറയുന്നത്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പിന്‍വലിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും അവര്‍ പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിനെതിരേ സോഷ്യല്‍ മീഡിയയിലും വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരള പൊലീസ് നടത്തുന്ന ഇത്തരം സദാചാര പൊലീസിംഗ് നിര്‍ത്തണമെന്നും കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതിഷേധം.

രാത്രി പത്തുമണിക്കുശേഷം ടര്‍ഫുകള്‍ തുറക്കേണ്ടെന്നു പറയാനുള്ള പൊലീസിന്റെ വാദങ്ങള്‍ ഇങ്ങനെയാണ്;  'സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ചുപോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ അസമയത്തും ടൗണില്‍ കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും'.

ലോക് ഡൗണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട തങ്ങളെ കൂടുതല്‍ തകര്‍ക്കുന്നതാണ് വയനാട് ജില്ല പൊലീസിന്റെ ഉത്തരവ് എന്നാണ് വയനാട്ടിലും മറ്റ് ജില്ലകളിലുമുള്ള ടര്‍ഫ് ഉടമസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറയുന്നത്. കേരളത്തിന്റെ കായിക സംസ്‌കാരത്തില്‍ പുതിയൊരു മാറ്റവും ഉണര്‍വും ഉണ്ടാക്കാന്‍ ടര്‍ഫുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നുമിരിക്കെ എല്ലാം തകര്‍ക്കുന്ന രീതിയില്‍ പൊലീസ് പെരുമാറരുതെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. 

' ലോക് ഡൗണ്‍ ഇളവുകളില്‍ മറ്റ് ജില്ലകളില്‍ ടര്‍ഫുകള്‍ ഭാഗകമായി തുറക്കാന്‍ അനുമതി കൊടുത്തപ്പോഴും വയനാട്ടിലെ ടര്‍ഫുകള്‍ പൂര്‍ണമായി തന്നെ അടഞ്ഞു കിടക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് നഷ്ടം വന്നിരിക്കുന്നത്. അതില്‍ നിന്നും പിടിച്ചു കയറാന്‍ ഞങ്ങള്‍ തുടങ്ങിയിട്ടുപോലുമില്ല. അപ്പോഴാണ് ഇങ്ങനെയൊരു തിരിച്ചടി. സാധാരണ രാത്രി എഴു മുതല്‍ പന്ത്രണ്ടുവരെയുള്ള സമയാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. പത്തുമണിക്ക് അടയ്‌ക്കേണ്ടി വന്നാല്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ആ സമയത്ത് ബുക്കിംഗും വളരെ കുറവായിരിക്കും. ബിസിനസ് മുന്നോട്ടു പോകാന്‍ കഴിയില്ല. ലക്ഷകണക്കിന് രൂപയാണ് ക്വാളിറ്റിയുള്ള ടര്‍ഫുകള്‍ ഒരുക്കാന്‍ ചെലവാക്കിയിട്ടുള്ളത്. കൈയില്‍ കാശ് വച്ചിട്ട് ചെയ്തതുമല്ല, ലോണുകളാണ്. ഇതെല്ലാം തിരിച്ചടയ്‌ക്കേണ്ടേ്? കല്‍പ്പറ്റയിലെ മര്‍ക്ക അരീന ഫുട്ബള്‍ ടര്‍ഫ് ഉടമ റഫീക്ക് അഴിമുഖത്തോട് സംസാരിച്ചോള്‍ പങ്കുവച്ച ആശങ്കകളാണിത്.

കുറ്റകൃത്യങ്ങള്‍ തടയാനാണ് ടര്‍ഫുകളുടെ സമയം കുറച്ചതെന്ന പൊലീസിന്റെ വാദവും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് റഫീക്ക് പറയുന്നത്. ജോലിക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരാണ് ടര്‍ഫില്‍ കളിക്കാന്‍ രാത്രി സമയങ്ങള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച്ചകളിലോ ഞായറാഴ്ച്ചകളിലോ ആണ് കൂടുതലായും വരുന്നത്. അവര്‍ തെരഞ്ഞെടുക്കുന്നത് വൈകുന്നേരം സമയമാണ് എന്നാണ് റഫീക്ക് തന്റെ അനുഭവത്തില്‍ നിന്നും പറയുന്നത്.

ജോലി കഴിഞ്ഞുള്ള റിലാക്‌സേഷനും ആരോഗ്യപരിപാലനത്തിനും മറ്റുമായും ടര്‍ഫുകളില്‍ കളിക്കാന്‍ വരുന്നവര്‍ ഏറെയുണ്ട്. അവര്‍ പത്തുമണി കഴിഞ്ഞുള്ള സമയം തെരഞ്ഞെടുക്കുന്നവരാണ്. പത്തു മണി ക്ലോസിംഗ് ടൈം ആക്കിയാല്‍ ടര്‍ഫിലേക്ക് വരുന്നവരുടെ എണ്ണം വലിയതോതില്‍ കുറയുമെന്നും വയനാട്ടിലെ ടര്‍ഫ് ഉടമകള്‍ പറയുന്നു.


'ഒരു ടര്‍ഫ് നിര്‍മിക്കാന്‍ ഏറ്റവും ചുരുങ്ങിയത് മുപ്പത് ലക്ഷമെങ്കിലും ചെലവാക്കേണ്ടി വരും. മാസാമാസം അറ്റക്കുറ്റപ്പണികള്‍ക്ക് പതിനയ്യായിരം രൂപയെങ്കിലും വരും. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്,ഫുട്‌ബോളുകള്‍ വാങ്ങുന്നത് ഉള്‍പ്പെടെ വേറെയും ചെലവുണ്ട്. സ്വന്തം ഭൂമിയില്‍ ടര്‍ഫുകള്‍ ഒരുക്കിയിട്ടുള്ളവര്‍ ചുരുക്കമാണ്. ലീസിന് എടുത്ത ഭൂമിയിലാണ് ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ് 30 സെന്റ് സ്ഥലമെങ്കിലും വേണം ഒരു ടര്‍ഫ് ഒരുക്കാന്‍. ഇതിന്റെ വാടക തുക തന്നെ ചുരുങ്ങിയത് മുപ്പതിനായിരം വേണ്ടി വരും. മറ്റ് ചെലവുകള്‍ക്ക് പുറമെയാണിത്. ഇത്രയും സാമ്പത്തിക ചെലവുകളോടെയാണ് ഓരോ ടര്‍ഫുകളും പ്രവര്‍ത്തിക്കുന്നത്. ബിസിനസില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ദിവസം കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും വരുമാനം കിട്ടണം. അത്രയും കിട്ടണമെങ്കില്‍ അഞ്ചോ ആറോ ബുക്കിംഗ് കിട്ടണം. പക്ഷേ, ഇത്തരം നിബന്ധനകള്‍ വന്നാല്‍ അതിന് സാധിക്കുകയുമില്ല'എന്നാണ് റഫീക്കിനെപ്പോലുള്ള ടര്‍ഫ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ നിലവില്‍ ഏകദേശം 500 ടര്‍ഫുകളുണ്ട്. പത്തുപേര്‍ അടങ്ങുന്ന സംഘങ്ങള്‍ മാറി മാറി അഞ്ച് സെഷനുകളെങ്കിലും ഒരു ടര്‍ഫില്‍ കളിക്കുന്നതായി കണക്കാക്കിയല്‍ ഒരു ദിവസം ഇരുപത്തിയ്യായിരം പേരെങ്കിലും കേരളത്തില്‍ ടര്‍ഫുകളില്‍ കളിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും തന്നെ ഇപ്പോള്‍ ഫുട്‌ബോള്‍ ടര്‍ഫുകളുണ്ട്. കായിക പരിശീലനത്തിനും വിനോദത്തിനായും ആളുകള്‍ ടര്‍ഫുകള്‍ ഉപയോഗിക്കുന്നു. ഹോക്കി പരിശീലനത്തിന് സൗകര്യം വളരെ കുറവായ കേരളത്തില്‍ ഫുട്‌ബോള്‍ ടര്‍ഫുകള്‍ ഹോക്കി താരങ്ങള്‍ക്കും അനുഗ്രഹമായിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ടര്‍ഫുകള്‍ ബുക്ക് ചെയ്ത് വരുന്ന കാഴ്ച്ചകളും ഏറെയാണ്. പലതരത്തില്‍ കേരളത്തിന്റെ കായികസംസ്‌കാരത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടര്‍ഫുകളുണ്ട്. ഐ ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാത്രി പന്ത്രണ്ട് മണിക്കുശേഷവും പുലര്‍ച്ചെയുള്ള സമയങ്ങളിലും ടര്‍ഫുകള്‍ ഉപയോഗിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സൗകര്യപ്രദമായൊരു ഇടമെന്ന നിലയിലും ടര്‍ഫുകള്‍ മാറിയിട്ടുണ്ട്.

കൂടുതല്‍ കൂടുതല്‍ ടര്‍ഫുകള്‍ നിര്‍മിക്കപ്പെടുന്ന കാഴ്ച്ചയാണ് ഈയടുത്ത കാലത്തായി കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും കളിസ്ഥലങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. അവിടെയാണ് ടര്‍ഫുകളുടെ പ്രസക്തി. ആളുകള്‍ ടര്‍ഫുകളിലേക്ക് വരാനുള്ള പ്രധാന കാരണം, സൗകര്യപ്രദമായൊരു സമയം അവര്‍ക്ക് തെരഞ്ഞെടുക്കാമെന്നതാണ്. കൂടുതല്‍ പേരും ഒമ്പത്, പത്ത് മണി കഴിഞ്ഞുള്ള സമയാണ് തെരഞ്ഞെടുക്കുക. ജോലിയെല്ലാം കഴിഞ്ഞ് ഫ്രീയായി കളിക്കാന്‍ ആണ് ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. പകല്‍ സമയം ടര്‍ഫില്‍ കളിക്കാന്‍ വരുന്നവര്‍ തീരെ കുറവാണ്. ഒന്നുകില്‍ പുലര്‍ച്ചെ, അതല്ലെങ്കില്‍ വൈകിട്ട് ഏഴ് മണി മുതല്‍ പന്ത്രണ്ട് വരെയുള്ള സമയം. പാതിരാത്രി മുതല്‍ പുലര്‍ച്ച വരെയുള്ള സമയം തെരഞ്ഞെടുക്കുന്നവരും ഏറെയാണ്. ആളുകളുടെ ചോയ്‌സിന് അനുസരിച്ച് ടര്‍ഫുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഈ ബിസിനസ് നിലനിര്‍ത്താനും കഴിയൂ. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണം വലിയ തിരിച്ചടികള്‍ ഉണ്ടാക്കും;  ടര്‍ഫ് ബുക്കിംഗിനുള്ള പ്ലേസ്‌പോട്ട് ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഷംനാസിന്റെ വാക്കുകള്‍.

ഒന്നുകില്‍ എല്ലാ ടര്‍ഫുകള്‍ക്കും ഏകീകൃത പ്രവര്‍ത്തന സമയം നിശ്ചയിക്കണം. അതല്ലെങ്കില്‍ ആളുകള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് പോകും. ബിസിനസില്‍ വ്യത്യാസം വരും. 24 മണിക്കൂറും ടര്‍ഫുകള്‍ ചിലയിടങ്ങളില്‍ ഉള്ളപ്പോള്‍ തന്നെയാണ് രാത്രി പത്തുമണിവരെ മതിയെന്നു മറ്റൊരിടത്ത് പറയുന്നത്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പൊലീസിന്റെ നടപടികളെ തടസപ്പെടുത്തുന്നില്ല. നമ്മുടെ കുട്ടികള്‍ വഴി തെറ്റുന്നുണ്ടെങ്കില്‍ തടയുക തന്നെ വേണം. അതുപക്ഷേ കുറെ മനുഷ്യരുടെ ജീവിതം തകര്‍ത്തുകൊണ്ടാകരുത് എന്ന അഭ്യര്‍ത്ഥനയും ടര്‍ഫ് ഉടമകള്‍ക്കുണ്ട്. 

ടര്‍ഫ് ഉടമകള്‍ പരാതി ഉയര്‍ത്തുമ്പോഴും നിയന്ത്രണം ആവശ്യമാണെന്ന നിലപാടില്‍ നില്‍ക്കുകയാണ് വയനാട് ജില്ല പൊലീസ് മേധാവി. കുറ്റകൃത്യങ്ങള്‍ തടയാനാണ് ഇങ്ങനെയൊരു നടപടിയെടുത്തതെന്നാണ് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് സുരക്ഷ ശക്തമാക്കിയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കിയുമാണ് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതെന്ന വാദവും പുതിയ ഉത്തരവിനെ ന്യായീകരിക്കാന്‍ ജില്ല പൊലീസ് മേധാവിക്കുണ്ട്.