'വെരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടി'; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്

 
thomas mash

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മുഖ്യമന്ത്രി പ്രസംഗിക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുംമെന്നും അദ്ദേഹം  പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ് ഞാന്‍ കണ്ട കോണ്‍ഗ്രസല്ല. വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതുമാറി. ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കും. ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതില്‍ വേദനയും ദു:ഖവുമുണ്ട്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. 'ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞാന്‍ ഇപ്പോഴും എഐസി.സി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാര്‍ട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ്.

12നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണവും നടത്തും. വിശദാംശങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും,' അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ താന്‍ തയാറായിട്ടും കോണ്‍ഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.