കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കാനാകുമോ? കേന്ദ്ര നിലപാട് ഇന്നറിയാം

 
Covid Vaccination

84 ദിവസത്തെ ഇടവേള നിശ്ചയിച്ചതിന്റെ കാരണം എന്താണെന്ന് കോടതി ആരാഞ്ഞിരുന്നു

സ്വന്തം നിലയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കാനാകുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കുന്നതിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചതിന്റെ കാരണം എന്താണെന്ന് കോടതി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 

കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പിന് അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. ആദ്യ ഡോസ് വാക്‌സിനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ്, 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്‌സിന്‍ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.