പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

 
d

മദ്രസയിലെ പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ വേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത  ബാലാവകാശ കമ്മീഷന്‍ സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ വിശദീകരണം തേടി. 

പെരിന്തല്‍മണ്ണ എസ്.എച്.ഒ, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്,.സംഭവത്തില്‍ വിമര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി.സതീദേവി എന്നിവര്‍ രംഗത്തെത്തിയിരുന്നു. 

പെരിന്തല്‍മണ്ണ പനങ്കാക്കരയ്ക്ക് അടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതിനെതിരെ വേദിയില്‍ വച്ച് തന്നെ സമസ്തനേതാവ് രംഗത്തെത്തി. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് സമസ്ത വൈസ് പ്രസിഡന്റ് എംടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

വേദിയില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അത്യന്തരം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.കേരളം പോലുള്ള വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് പെണ്‍കുട്ടികളെ വീട്ടകങ്ങളില്‍ തളയ്ക്കാനാണ് ശ്രമം. രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയര്‍ത്തി ഇസ്ലാമോഫോബിയ വളര്‍ത്തുന്നവരാണ് പെണ്‍കുട്ടിയെ അപമാനിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.