കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനമെന്ന് വൈദികന്‍

 
Roy Kannanchira

സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന പ്രചാരണവുമായി വീണ്ടും കത്തോലിക്കാ വൈദികന്‍. കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് ദീപിക ബാലസഖ്യത്തിന്റെ ഡയറക്ടറായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം. ശനിയാഴ്ച, ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലായിരുന്നു. റോയി കണ്ണന്‍ചിറയുടെ പരാമര്‍ശങ്ങള്‍. 

കോട്ടയത്തിനടുത്ത് ഒരു സീറോ മലബാര്‍ ഇടവകയില്‍നിന്ന്, ഒരു മാസത്തിനിടെ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലൗ ജിഹാദിനെ പറ്റിയും നര്‍കോട്ടിക് ജിഹാദിനെ പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, മറ്റിടങ്ങളിലേക്കും നമ്മുടെ മക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇതിനായി സ്ട്രാറ്റജിക്കായി, പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതായി വരെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മള്‍ ജാഗ്രതയില്ലാത്തവരാണ്, അതാണ് നമ്മള്‍ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകുവാന്‍ ശത്രുക്കള്‍, ഞാന്‍ ആ വാക്ക് ഉപയോഗിക്കുകയാണ്, പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും, നമ്മുടെ മക്കളെ സ്വന്തമാക്കുവാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ നടത്തുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും, മാതാപിതാക്കളോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സമുദായത്തിന്റെ രൂപീകരണം ഉറപ്പുവരുത്താനും സമര്‍പ്പിതരായ മതാധ്യാപകര്‍ക്കും വൈദികര്‍ക്കും കഴിയുന്നില്ല എന്നത് ഇന്നത്തെ കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ് -ഫാ. റോയി കണ്ണന്‍ചിറ പറയുന്നു.

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനു മുമ്പേയാണ് വീണ്ടും കത്തോലിക്കാ വൈദികനില്‍നിന്ന് വിദ്വേഷനിടയാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്.