'കത്തോലിക്ക സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്, തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്മാറി'

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുസ്ഥാനാര്‍ത്ഥിയെ കത്തോലിക്ക സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്തും പുറത്തും വ്യാപകമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.ഈ വിഷയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണ്. അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു എന്നത് നിക്ഷിപ്ത താല്പര്യക്കാര് നടത്തുന്ന വെറും പ്രചരണം മാത്രമാണ്. മാര്‍ ആലഞ്ചേരി ഏറ്റവും ആദരണീയനായ വ്യക്തിയാണ്. കര്‍ദിനാള്‍ അങ്ങനെ ഒരു സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചും ഒരു കാലത്തും ആരോടും പറയുന്ന വ്യക്തിയല്ല. അദ്ദേഹം പണ്ടും പറഞ്ഞിട്ടില്ല, ഇപ്പോഴും പറയില്ല, നാളെയും പറയില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കില്‍ അരുണ്‍കുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ പരാമര്‍ശത്തെ ചെന്നിത്തല വിമര്‍ശിച്ചു. നദ്ദയുടെ പരാമര്‍ശം തെറ്റാണ്. കേരളത്തില്‍ ധ്രുവീകരണത്തിന് ബിജെപി യും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎമ്മിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
അതിനിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനും രംഗത്തെത്തി. ഇടതുസ്ഥാനാര്‍ത്ഥിയുടെ സഭാബന്ധം ഉയര്‍ത്തിക്കാട്ടേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ തിരിച്ചടിയാകും. രാഷ്ട്രീയപ്രചാരണമാണ് നടത്തേണ്ടതെന്ന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.