സോളാര്‍ പീഡനക്കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സിബിഐ വിവരം തേടിയത്. പത്തനാപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്. സാക്ഷി എന്ന നിലയിലായിരുന്നു മൊഴിയെടുപ്പ്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലൈംഗീക പീഡനം ഉണ്ടായെന്ന് പറയുന്ന പരാതിക്കാരിയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നിലും ഗണേഷ് കുമാറാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം കേസില്‍ പ്രതികളായ ഹൈബി ഈഡന് എം.പിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഗണേഷ് കുമാറിനേയും ചോദ്യം ചെയ്തത്. അടുത്ത ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള മറ്റ് നേതാക്കളേയും സിബിഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.