തൃക്കാക്കരയിലെ പണക്കിഴി വിവാദം; സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്, റെയ്ഡ് അവസാനിച്ചത് പുലര്‍ച്ചെ രണ്ടിന്

 
d


തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തു. അധ്യക്ഷയുടെ കാബിനില്‍ നിന്ന് കൗണ്‍സിലര്‍മാര്‍ കവറുമായി പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ രണ്ടുമണിക്കാണ് അവസാനിച്ചത്. സംഭവത്തില്‍ കൗണ്‍സിലര്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.  അധ്യക്ഷയുടെ മൊഴിയെടുക്കാന്‍ നോട്ടിസ് നല്‍കും. 

തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാധ്യക്ഷ പണം നല്‍കിയെന്നാണ് പരാതി. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് അധ്യക്ഷ അജിത തങ്കപ്പന്‍ സമ്മാനിച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷാണ് പണക്കിഴി കൈമാറിയെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ തൃക്കാക്കരയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് വിവാദത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. 

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊച്ചിയില്‍ നിന്നുള്ള വിജിലന്‍സ് സംഘം തൃക്കാക്കര നഗരസഭയില്‍ എത്തിയത്. പണക്കിഴി വിവാദത്തില്‍ പ്രാഥമിക പരിശോധന നടത്തുകയായിരുന്നു ലക്ഷ്യം. വിജിലന്‍സ് പ്രാഥമിക പരിശോധനയ്ക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചെയര്‍പേഴ്സണ്‍ മുറി പൂട്ടിപോയി. ക്യാബിന്‍ തുറക്കാനായി ചെയര്‍പേഴ്സനെ വിളിച്ചു. നേരിട്ടെത്തില്ല എന്ന് നിലപാട് എടുത്ത ചെയര്‍പേഴ്സന്‍ താക്കോല്‍ കൊടുത്തു വിടാം എന്നു പറഞ്ഞു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. താക്കോലിനായി വിജിലന്‍സ് സംഘം കാത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. ചെയര്‍പേഴ്സന്റെ മുറിയിലാണ് സിസിടിവി സെര്‍വര്‍. തുറക്കാതായതോടെ മറ്റൊരിടത്തു സ്ഥാപിച്ച സെര്‍വര്‍ ബാക്കപ്പില്‍ നിന്ന് ദൃശ്യങ്ങള്‍ എടുക്കാനുള്ള ശ്രമം തുടങ്ങി. രാത്രി വൈകിയും പരിശോധന തുടര്‍ന്നിരുകയായിരുന്നു.