വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന്; കിരണിനെതിരെ ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പത് വകുപ്പുകള്‍ 

 
vismaya

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശാസ്താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നല്‍കുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാറാണ് കേസിലെ പ്രതി. കുറ്റപത്രത്തില്‍ ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പത് വകുപ്പുകള്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്. 

വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങളാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വിസ്മയയുടെ മരണത്തിനു പിന്നാലെ അറസ്റ്റിലായ കിരണ്‍ ജയിലിലാണ്. പ്രതി ജാമ്യത്തില്‍ ഇറങ്ങുന്നത് തടയാനാണ് 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അങ്ങനെ വന്നാല്‍, കേസിലെ വിചാരണ കഴിയുംവരെ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും.