'മോഹമുക്തനായ കോണ്‍ഗ്രസുകാരന്റെ' ആത്മവിചാരങ്ങള്‍ അഥവാ ചെറിയാന്‍ ഫിലിപ്പിന്റെ മോഹഭംഗങ്ങള്‍

 
cherian philip

രാജ്യസഭാ സീറ്റ് മോഹം ഉള്‍പ്പെടെ പൊലിഞ്ഞതോടെയാണ് കോണ്‍ഗ്രസ് പുനപ്രവേശം

ചെറിയാന്‍ ഫിലിപ്പിനെ 'മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍' എന്നു വിശേഷിപ്പിച്ചത് ഇഎംഎസ് ആണ്. ആ വിശേഷണം, വലിയ അംഗീകാരം പോലെ ചെറിയാന്‍ ഫിലിപ്പ് പലപ്പോഴും ആവര്‍ത്തിച്ചിട്ടുമുണ്ട്. പാര്‍ലമെന്ററി-പദവി മോഹങ്ങളില്ലാത്ത കോണ്‍ഗ്രസുകാരനായും പാര്‍ട്ടിയെ സേവിക്കുകയെന്ന ആദര്‍ശാത്മക നിലപാടുമായും നടന്നിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ വ്യത്യസ്തനായി. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളിയില്‍ ചെറിയാന് കൃത്യമായ പക്ഷമുണ്ടായിരുന്നു. അതിനെല്ലാം പിന്നാലെ, പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ പളപളപ്പിലേക്ക് ചെറിയാന്‍ ആകൃഷ്ടനാകുകയും ചെയ്തു. എന്നാല്‍ പലകുറി വിജയം അകന്നുനിന്നതോടെ, മോഹമുക്തനായ കോണ്‍ഗ്രസുകാരന്റെ ആത്മവിചാരങ്ങള്‍ പുറത്തുവന്നു. ഗുരുസ്ഥാനത്തു കണ്ടിരുന്ന നേതാക്കളോടെല്ലാം ഇടഞ്ഞ് കോണ്‍ഗ്രസ് വിട്ടു. സിപിഎമ്മിനൊപ്പമായിരുന്നു പിന്നീടുള്ള യാത്ര. മോഹങ്ങളൊന്നുമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നതു തന്നെയായിരുന്നു ചെറിയാന്റെ പ്രതിശ്ചായ. എങ്കിലും, സിപിഎമ്മിനൊപ്പം സഞ്ചരിച്ച രണ്ട് പതിറ്റാണ്ടിനിടെ നിരവധി പദവികള്‍ ചെറിയാന് നല്‍കപ്പെട്ടു. പക്ഷേ, രാജ്യസഭാ സീറ്റ് ഉള്‍പ്പെടെ ചെറിയാന്റെ ചില മോഹങ്ങള്‍ പൂവണിഞ്ഞില്ല. അതോടെ, സിപിഎമ്മിനോട് അകലം വന്നു. ഇടതു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പരസ്യമായി വിമര്‍ശിക്കാനും തുടങ്ങി. ചെറിയാന്റെ നിലപാടുകളോട് പൊരുത്തപ്പെടാന്‍ പാര്‍ട്ടി അണികള്‍ക്കുപോലും കഴിയാത്ത സാഹചര്യമായി. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കി. അതിനിടെ, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചുള്ള ഉത്തരവുകൂടി നിരാകരിച്ചാണ് ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.

കെഎസ്‌യുവിലൂടെ തുടക്കം, ആന്റണിയുടെ അരുമ ശിഷ്യന്‍
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ചെറിയാന്‍ ഫിലിപ്പും കോണ്‍ഗ്രസുമായുള്ള ബന്ധം തുടങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത്, 1967ലാണ് ചെറിയാന്‍ കെഎസ്‌യുവില്‍ എത്തുന്നത്. 1974ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായും യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ കെഎസ്‌യു ജനറല്‍ സെക്രട്ടറിയും 1979-80 കാലത്ത് കെഎസ്‌യു പ്രസിഡന്റുമായി. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 89 വരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1984-89 കാലത്ത് ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു. പിന്നാലെ, കെപിസിസി സെക്രട്ടറി സ്ഥാനവും ലഭിച്ചു. പാര്‍ട്ടി പദവികളില്‍ തിളങ്ങിനില്‍ക്കുമ്പോഴും ചെറിയാന്‍ ഫിലിപ്പ് പാര്‍ലമെന്ററി പദവികള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഗ്രൂപ്പുകളിയില്‍ ചെറിയാന് കൃത്യമായ പക്ഷമുണ്ടായിരുന്നു. എ ഗ്രൂപ്പിന്റെ ആശീര്‍വാദത്തോടെയാണ് ചെറിയാന്‍ ദേശീയവാദി എന്ന പ്രസ്ഥാനത്തിന് രൂപംകൊടുത്തത്. അതിന് മറുപടിയെന്നോണം, ഐ ഗ്രൂപ്പ് കെ.പി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ സംസ്‌കാരയ്ക്ക് രൂപംകൊടുത്തിരുന്നു. രാഷ്ട്രീയ ഗുരുവായ എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പമായിരുന്നു ചെറിയാന്റെ മനസ്. കെ കരുണാകരനെതിരായ കരുനീക്കങ്ങളിലും അത് പ്രകടമായി. 1991ല്‍ തുടര്‍ഭരണം പ്രതീക്ഷിച്ച ഇടതുപക്ഷത്തെ കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെടുത്തി. കരുണാകരന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. ഐ ഗ്രൂപ്പിനുള്ളില്‍പ്പോലും അഭിപ്രായഭിന്നത വളര്‍ത്തുന്ന തരത്തിലായിരുന്നു എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍. അതിന്റെ ഫലമായി, 1995ല്‍ കാലാവധി പൂര്‍ത്തിയാക്കാതെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. പകരക്കാരനായി ഡല്‍ഹിയില്‍ നിന്നെത്തിയ ആന്റണിക്ക് വരവേല്‍പ്പൊരുക്കിയത് അരുമശിഷ്യനായ ചെറിയാനായിരുന്നു. 

പാര്‍ലമെന്ററി രാഷ്ട്രീയവും തിരിച്ചടികളും
തുടര്‍ഭരണം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് നേരത്തെയാക്കിയ ഇടതുപക്ഷത്തെ ഞെട്ടിച്ചുകൊണ്ടാണ് 1991ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍, കന്നി മത്സരത്തിനിറങ്ങിയ ചെറിയാന്‍ ഫിലിപ്പിനെ ഇത്തരം വികാരമൊന്നും തുണച്ചില്ല. പഴയ കോട്ടയം മണ്ഡലത്തില്‍ സിപിഎമ്മിലെ ടി.കെ രാമകൃഷ്ണനെതിരെ മത്സരിച്ച ചെറിയാന്‍ 2682 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ആദ്യ പരീക്ഷണം പാളിയതോടെ, 1996ല്‍ ചെറിയാന്‍ മത്സരരംഗത്തുനിന്ന് മാറിനിന്നു. എന്നാല്‍, പാര്‍ലമെന്ററി മോഹങ്ങള്‍ ചെറിയാന്റെ മനസില്‍ ആഴ്ന്നിറങ്ങിയിരുന്നുവെന്ന് അറിയാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. 2001ല്‍ മോഹമുക്തനായ കോണ്‍ഗ്രസുകാരന്റെ ആത്മവിചാരങ്ങള്‍ അപ്പാടെ പുറത്തുവന്നു. അന്ന് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് ആന്റണി തന്റെ വിശ്വസ്തന് കാത്തുവെച്ചത്. എന്നാല്‍, സിറ്റിംഗ് എംഎല്‍എയും സ്പീക്കറുമായിരുന്ന സിപിഎമ്മിന്റെ എം. വിജയകുമാര്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറായതോടെ, ചെറിയാന്‍ അപകടം മണത്തു. വിജയകുമാറിന്റെ സ്വീകാര്യതയെ മറികടക്കാന്‍ തനിക്കാകില്ലെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ചു. ജയസാധ്യതയുള്ള സീറ്റ് നല്‍കാത്ത നേതൃത്വത്തെ കടന്നാക്രമിച്ചു. രാഷ്ട്രീയഗുരുവായ ആന്റണി സഹായത്തിനെത്തുമെന്ന ചെറിയാന്റെ പ്രതീക്ഷ അസ്ഥാനത്തായി. ആദര്‍ശ നേതാവ് മൗനം തുടര്‍ന്നതോടെ, നേതൃത്വത്തെയാകെ വിമര്‍ശിച്ച് ചെറിയാന്‍ സിപിഎം സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍, യുവജനങ്ങളെ തഴയുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. ജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ യുവജനങ്ങള്‍ക്ക് നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം.

പാര്‍ട്ടി അംഗത്വമൊന്നുമില്ലെങ്കിലും 2001ല്‍ തന്നെ എല്‍ഡിഎഫ് ചെറിയാന്‍ ഫിലിപ്പിന് സീറ്റ് നല്‍കി. പുതുപ്പള്ളിയില്‍ തന്റെ രാഷ്ട്രീയ ഗുരുക്കന്മാരില്‍ ഒരാളായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ആയിരുന്നു പോരാട്ടം. രാഷ്ട്രീയ ആവേശം പതിന്മടങ്ങ് വര്‍ധിച്ച പോരാട്ടത്തില്‍ ജയം ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നു. അതേസമയം, തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ ചെറിയാനു പകരക്കാരനായി വിജയകുമാറിനെതിരെ മത്സരിച്ച  കെ. മോഹന്‍കുമാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, പരാജയങ്ങളൊന്നും ചെറിയാന്റെ പാര്‍ലമെന്ററി മോഹങ്ങളെ ഇല്ലാതാക്കിയില്ല. 2006ല്‍, കല്ലൂപ്പാറയില്‍ ജോസഫ് എം പുതുശേരിക്കെതിരെയും 2011ല്‍ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെയും മത്സരിച്ചു തോറ്റു. 2001ലെ ഗ്രൂപ്പ് കളിക്കു പിന്നാലെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ടിരുന്നു. ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസുമായി അപ്പനും മകനും രാഷ്ട്രീയം തുടരുന്നതിനിടെ, കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. എന്‍സിപിക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം പോകാനായിരുന്നു മുരളീധരന്റെ ശ്രമം, എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ പ്രധാന തടസമായി. ഇതോടെ, കോണ്‍ഗ്രസിലേക്ക് മടങ്ങാനായി മുരളീധരന്റെ ശ്രമം. കരുണാകരന്റെ മരണശേഷം, 2011 തെരഞ്ഞെടുപ്പിനു മുമ്പായാണ് മുരളീധരന്‍ കോണ്‍ഗ്രസിലെത്തിയത്. പിന്നാലെ, വട്ടിയൂര്‍ക്കാവ് സീറ്റും മുരളീധരന് നല്‍കി. ഇതിനെയെല്ലാം രാഷ്ട്രീയ ആയുധമാക്കി വിജയം നേടാമെന്ന കണക്കുക്കൂട്ടലിലാണ് ചെറിയാന്‍ വട്ടിയൂര്‍ക്കാവിലെത്തിയത്. എന്നാല്‍, മുരളീധരന്‍ ആ പ്രതീക്ഷ തല്ലിക്കെടുത്തി. പിന്നീട് ചെറിയാന് സീറ്റ് നല്‍കാന്‍ ഇടതുപക്ഷവും ഉത്സാഹിച്ചില്ല.

മോഹവും മോഹഭംഗങ്ങളും
കൈരളി ടിവിക്കൊപ്പമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രവര്‍ത്തനം. മികച്ച രാഷ്ട്രീയ പരിപാടികളിലൂടെ ചെറിയാന്‍ പേരെടുത്തു. 2006ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി ചെറിയാനെ മറന്നില്ല. കോടിയേരി ഭരിച്ചിരുന്ന ടൂറിസം വകുപ്പിലെ കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനം ചെറിയാന് നല്‍കി. പുതിയ പദ്ധതികളും മികച്ച പ്രകടനവുംകൊണ്ട് ചെറിയാന്‍ പദവിയില്‍ തിളങ്ങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നവകേരള മിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് ചെറിയാന് ലഭിച്ചത്. അതിനിടെ, 2018ല്‍ സിപിഎമ്മിന്റെ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നു. പാര്‍ലമെന്ററി മോഹം മനസിലുള്ള ചെറിയാന്‍ ഫിലിപ്പ് അത് ആഗ്രഹിച്ചിരുന്നെങ്കിലും സിപിഎം തീരുമാനം തിരിച്ചടിയായി. പാര്‍ട്ടി അംഗമായ എളമരം കരീം രാജ്യസഭയിലെത്തി. എന്നാല്‍, സര്‍ക്കാരിന്റെ ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നിങ്ങനെ നാല് മിഷനുകളുടെ കോ-ഓര്‍ഡിനേറ്ററായി നിയമനം നല്‍കി ചെറിയാനെ സിപിഎം ഒപ്പംനിര്‍ത്തി. 
 
രണ്ടാം പിണറായി സര്‍ക്കാരില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ചെറിയാനായി നീക്കിവെച്ചത്. എന്നാല്‍, ആ പദവി ഏറ്റെടുക്കാന്‍ ചെറിയാന്‍ തയ്യാറായില്ല. പുസ്തക രചനയുടെ തിരക്കിലായതിനാല്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖാദി വില്‍പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മോഹമുക്തനൊക്കെയാണെങ്കിലും, പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ വിരാജിച്ചിരുന്ന തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍പോലും വഹിച്ചിരുന്ന പദവിയിലേക്ക് മാറുന്നതിനെക്കുറിച്ച് ചെറിയാന് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. മറ്റൊരു മോഹഭംഗവും ചെറിയാന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. ഏപ്രിലില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നില്‍ ചെറിയാന്‍ പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍, പരിഗണിക്കപ്പെട്ടില്ല. ജോണ്‍ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലെത്തി. 2018ലും 2021ലും തഴയപ്പെട്ടതോടെ, ചെറിയാന്റെ അതൃപ്തി വര്‍ധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നുള്‍പ്പെടെ ചെറിയാന്‍ മാറിനില്‍ക്കുകയും ചെയ്തു. 

പിന്നീടുള്ള ചെറിയാന്റെ പരസ്യ നിലപാടുകള്‍ പലതും ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. അതോടെ, ചെറിയാനെതിരെ പാര്‍ട്ടി തലത്തില്‍ തന്നെ വിമര്‍ശനങ്ങളുയര്‍ന്നു. പാര്‍ട്ടി അംഗമാകാന്‍ താല്‍പര്യമില്ലാതെ, ഇടതുപക്ഷ സഹയാത്രികനായി തുടരുന്ന ഒരാള്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനെ പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ക്ക് തന്നോട് അകല്‍ച്ച വന്നുതുടങ്ങിയെന്ന് ചെറിയാനും മനസിലാക്കിയിരുന്നു. എങ്കിലും അനുനയത്തിന്റെ പാതയിലായിരുന്നു സിപിഎം. അതിന്റെ ഭാഗമായാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ചെറിയാന് നല്‍കുന്നത്. എന്നാല്‍, ഇതിനോടകം കോണ്‍ഗ്രസ് പുനപ്രവേശത്തിന് തീയതി നിശ്ചയിച്ചിരുന്ന ചെറിയാന്‍, നിയമന ഉത്തരവ് നിരാകരിച്ചാണ് ഇടതുബന്ധം അവസാനിപ്പിച്ചത്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനം
മോഹമുക്തനായ ചെറിയാന്റെ മോഹഭംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ, പിണറായിയെയും സര്‍ക്കാരിനെയും പുകഴ്ത്തിയുള്ള ചെറിയാന്‍ മൊഴികള്‍ ഫേസ്ബുക്കില്‍നിന്നുപോലും അപ്രത്യക്ഷമായി. സിപിഎമ്മിനോടും തനിക്ക് ഭക്ഷണം തന്നിരുന്ന എകെജി സെന്ററിനോടുമുള്ള മടുപ്പും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതൃപ്തിയുമൊക്കെ പുറത്തുവന്നു തുടങ്ങി. അതോടെ, ഇടഞ്ഞുനില്‍ക്കുന്ന ചെറിയാനെ ഏതുവിധേനയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം അത്തരത്തില്‍ ഒന്നായിരുന്നു. എന്നാല്‍, ചെറിയാന്‍ വഴങ്ങിയില്ല. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമന ഉത്തരവ് പുറത്തിറങ്ങിയശേഷമായിരുന്നു, സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചത്. 

പിണറായി സര്‍ക്കാരിന്റെ മഴക്കെടുതി ദുരന്ത നിവാരണത്തെക്കുറിച്ചായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ അവസാന വിമര്‍ശനം. ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ദുരന്തം വന്ന ശേഷം ക്യാമ്പില്‍ പോയി കണ്ണീര്‍ പൊഴിക്കുന്നത് ജനവഞ്ചനയാണ്. 2018, 2019 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയും പഠിച്ചു. എന്നാല്‍ തുടര്‍നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്ന് ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയ സാഹചര്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ നെതര്‍ലണ്ട് സന്ദര്‍ശനത്തെയായിരുന്നു ചെറിയാന്‍ കടന്നാക്രമിച്ചത്. പ്രതിപക്ഷവും സോഷ്യല്‍ മീഡിയയുമൊക്കെ ആ വിമര്‍ശനം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ, പാര്‍ട്ടിയില്‍ ചെറിയാനെതിരായ വികാരമുയര്‍ന്നു. തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ചെറിയാനെ ചുമക്കേണ്ട കാര്യമില്ലെന്നായിരുന്നു പൊതു നിലപാട്. താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്നായിരുന്നു, ചെറിയാന്‍ ഫിലിപ്പിനെ പരസ്യമായി തള്ളിക്കൊണ്ട് പിണറായിയുടെ മറുപടി. 

2001ല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട്, തികച്ചും അപ്രതീക്ഷിതമായാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുപാളയത്തിലെത്തിയത്. എന്നാല്‍, കോണ്‍ഗ്രസിലേക്കുള്ള ഇപ്പോഴത്തെ മടക്കം അപ്രതീക്ഷിതമായിരുന്നില്ല. ഏതാനും വര്‍ഷങ്ങളായുള്ള ചെറിയാന്‍ ഫിലിപ്പിന്റെ മനമാറ്റം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉള്‍പ്പെടെ പ്രകടമായിരുന്നു. ഇടതുപക്ഷവുമായുള്ള ഭിന്നതയുടെ ആഴം കൂടിയപ്പോള്‍, മാതൃസംഘടനയിലേക്കുള്ള തിരിച്ചുവരവിന്റെ ദൂരം കുറഞ്ഞു. നേതാക്കള്‍ ഉള്‍പ്പെടെ ഇടതുപാളയത്തിലേക്ക് ചേക്കേറുന്നതിനിടെയാണ് ചെറിയാന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉള്‍പ്പെടെ നേതാക്കളുടെ വലിയ സംഘം തന്നെയാണ് ചെറിയാന്റെ മടങ്ങിവരവ് ആഘോഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. കെപിസിസി പുനസംഘടന ഉള്‍പ്പെടെ കഴിഞ്ഞതിനാല്‍, ഏത് പദവിയിലേക്കാകും ചെറിയാനെ അവരോധിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങളില്‍ ചെറിയാനും പ്രതികരിച്ചിട്ടില്ല. ആദര്‍ശാത്മക രാഷ്ട്രീയം പറഞ്ഞ് മോഹമുക്തനെന്ന പ്രതിശ്ചായയുമായി ഇനിയും അവതരിച്ചാല്‍, ഒരാളും അംഗീകരിക്കില്ലെന്ന തിരിച്ചറിവൊക്കെ ചെറിയാന് വന്നിട്ടുണ്ടാകണം. ചെറിയാന്‍ ഫിലിപ്പ് കെപിസിസി ഭാരവാഹിയായിരുന്ന കാലം ഡിസിസിയിലും കോളേജ് യൂണിയനിലുമൊക്കെ പ്രവര്‍ത്തിച്ചവരാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. അവര്‍ക്കിടെ, ചരിത്രവും സീനിയോറിറ്റിയുമൊക്കെ പറഞ്ഞുവേണം ചെറിയാന് നിലനില്‍ക്കേണ്ടിവരിക. സര്‍വപരിത്യാഗിയായ മനുഷ്യനും ചില മോഹങ്ങളെങ്കിലും ഉണ്ടാകുമെന്ന വസ്തുത കോണ്‍ഗ്രസ് നേതാക്കളോളം മറ്റാര്‍ക്കും മനസിലാകില്ലെന്ന് ചെറിയാന്‍ ഫിലിപ്പിനും അറിയാം.