'സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ല; സ്വതന്ത്രമായി എഴുതിയാല്‍  ശത്രുവായി മാറും'

 
cheriyan

ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് ഇടതുബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിചേര്‍ത്തു.

തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസില്‍ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിപിഎമ്മില്‍ അതില്ല. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ പിന്നെ എകെജി സെന്ററില്‍ കയറാനാകില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

തന്റെ അധ്വാനത്തിന്റെ ഫലം കോണ്‍ഗ്രസിലുണ്ട്.  സ്ഥിരമായി കുറെ ആളുകള്‍ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. എന്നാല്‍ ഇന്നതില്‍ മാറ്റമുണ്ടായി. അന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാല്‍ താന്‍  ശത്രുവായി മാറും.  അതിനാല്‍ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയവര്‍ അനുഭവിച്ചിട്ട് വരട്ടെ. എകെജി സെന്ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. സിപിഎമ്മില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. സിപിഎമ്മിലെ ആരെയും കുറ്റപ്പെടുത്താനില്ല, ആരും ശത്രുക്കളല്ല. ഇടതുപക്ഷത്തേക്ക് വന്നപ്പോള്‍ സിപിഎം അംഗത്വമെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇടതുസഹയാത്രികനായി തുടരുകയാണ് ചെയ്തത്. ഇടതുബന്ധം തന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്നാണ്  എ.കെ. ആന്റണി പ്രതികരിച്ചത്. ചെറിയാൻ ഫിലിപ്പിന് നിരവധി കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. എ.കെ.ജി സെന്ററിന്‍റെ അകത്തളങ്ങളിൽ പ്രവേശനമുണ്ടായിരുന്നു. എന്നാൽ, ഒരിക്കലും അദ്ദേഹം സിപിഎമ്മിൽ അംഗത്വമെടുത്തില്ല. കഴിഞ്ഞ 20 വർഷമായി സിപിഎമ്മിൽ അംഗമാകാൻ അദ്ദേഹം അലോചിട്ടുമില്ലെന്നും ആന്റണി
പറഞ്ഞു. 

കോൺഗ്രസ് ബന്ധം ചെറിയാൻ അവസാനിപ്പിച്ചപ്പോൾ തനിക്കത് വലിയ ആഘാതമായിരുന്നു. പിന്നീട് ആ പരിഭവം പറഞ്ഞു തീർത്തു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതിന് ചെറിയാന് അദ്ദേഹത്തിന്റേതായ  ന്യായങ്ങൾ ഉണ്ടാവും. ചെറിയാനും താനും തമ്മിലുള്ള വ്യക്തി ബന്ധത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അദ്ദേഹം തന്നെ വീട്ടിൽ വന്നു കാണാറുണ്ടായിരുന്നു. തനിക്ക് ചെറിയാൻ സഹോദരനെ പോലെയെന്നും എ.കെ. ആന്റണി പറഞ്ഞു.