'ശബരിമല ചെമ്പോല യഥാര്‍ത്ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല; അതുപയോഗിച്ച് പ്രചാരണവും നടത്തിയിട്ടില്ല'

 
pinarayi

മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല. അതുപയോഗിച്ച് പ്രചാരണവും നടത്തിയിട്ടില്ല. പുരാവസ്തുവാണോയെന്ന് ഉറപ്പാക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രാഷ്ട്രീയ നേതാക്കള്‍ക്ക് മോന്‍സനുമായി ബന്ധമുള്ള കാര്യം പരിശോധിച്ചിരുന്നോ എന്ന ചോദ്യത്തിന് തട്ടിപ്പില്‍ ഇരയായവരാണെങ്കില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അന്വേഷണ പരിധിയില്‍ വരും. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ഗൗരവമായ അന്വേഷണം തന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ എത്തണമോ അവിടേക്ക് എത്തും. ആദ്യമെ വിധി പ്രസ്താവന വേണ്ടതില്ല. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. 

മുന്‍ ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇന്റലിജന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടത്. ഇ.ഡിയോടും അക്കാര്യം അറിയിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വഭാവിക നടപടിയാണെന്നും പറഞ്ഞ മുഖ്യമന്ത്രി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടികളെ ന്യായീകരിച്ചു. അതേസമയം, മുന്‍ ഡിജിപി മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ല. പൊലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തിട്ടില്ലെന്നാണ് രജിസ്റ്ററില്‍നിന്ന് വ്യക്തമാവുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.