'എ.ആർ നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ'; കെ.ടി. ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു

 
jaleel

എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വിവാദത്തില്‍ ഇ.ഡിക്ക് മുന്നില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍  ജലീൽ ഇ.ഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ്​ മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ്​ കൂടിക്കാഴ്ച നടന്നത്​. ഇന്ന് വൈകുന്നേരം 4 മണിക്കു കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകുമെന്നാണ് ജലീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ജലീല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

''ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആർ നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും'' ജലീല്‍  കുറിച്ചു.

അതേസമയം കൂടികാഴ്ചയില്‍ പ്രസ്​താവനകൾ നടത്തു​മ്പോൾ ജാഗ്രത പുലർത്തണമെന്ന്​ ജലീലിനോട്​ മുഖ്യമന്ത്രി നിർദേശിച്ചുവെന്നാണ്​ റിപ്പോർട്ട്​. ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നും ജലീൽ മുഖ്യമന്ത്രിയെ അറിയിച്ചു. എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ കെ.ടി. ജലീലിന്‍റെ പ്രസ്​താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തുടർന്ന്​ സി.പി.എമ്മും സഹകരണ വകുപ്പ്​ മന്ത്രിയും ജലീലിന്‍റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.