വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും : മുഖ്യമന്ത്രി

 
cm

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പൊതുസ്വഭാവം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. 

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത്  വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാരാണ് സമവായ ശ്രമങ്ങള്‍ നടത്തേണ്ടതെന്നും ചെവി കേള്‍ക്കാത്തവരെ പോലെ സര്‍ക്കാര്‍ അഭിനയിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി. പാലാ ബിഷപ്പിന്റെ പരാമര്‍ശം വിവാദമായതോടെയാണ് അനുനയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്.

കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.