'നാര്‍കോട്ടിക് പ്രസ്താവനയില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ല; കോണ്‍ഗ്രസ് തകരുന്ന കൂടാരം : മുഖ്യമന്ത്രി

 
cm


പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍കോട്ടിക് മാഫിയ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'നാര്‍കോട്ടിക് ജിഹാദ്' എന്ന വാക്ക് മുഖ്യമന്ത്രി കേട്ടിട്ടില്ലേ എന്ന ചോദ്യത്തിന്റെ
മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. വിവാദ വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരെ കര്‍ശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെ കാര്യങ്ങള്‍ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയില്‍ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നില്‍ ആരാണോ സംസാരിക്കുന്നത് അവര്‍ ഒരഭ്യര്‍ത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതില്‍ ആരും തെറ്റ് കാണുന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭത്തില്‍ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയില്ല. സമൂഹത്തില്‍ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയായി കാണണം അതിന് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. 

ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ കോണ്‍ഗ്രസ് തകരുന്ന കൂടാരമാണെന്നായിരുന്നു പ്രതികരണം. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ ചിന്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രത്യേക രീതിക്കിടയാക്കിയത്. കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.