മുന്നോക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം; വിശദീകരണവുമായി മുഖ്യമന്ത്രി

 
മുന്നോക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം; വിശദീകരണവുമായി മുഖ്യമന്ത്രി

സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവര്‍. എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ല. സാമുഹിക യാഥാര്‍ഥ്യങ്ങളെ പരിഗണിച്ചാണ് എക്കാലത്തും തീരുമാനം എടുത്തിട്ടുള്ളത്. ഏറ്റവും പാവപ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന നിലപാട് സ്വീകരിക്കരുത്. മുന്നോക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്നാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 ശതമാനം വരെ സംവരണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. പല സംസ്ഥാനങ്ങളും ഇക്കാര്യത്തിലേക്ക് എത്തിക്കഴിഞ്ഞു. സംവരണേതര വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെവേണം അതിനെ കാണാന്‍. പട്ടികജാതി, പട്ടികവര്‍ഗത്തിനുള്ള സംവരണം തുടരേണ്ടതാണോ എന്നു രാജ്യം ചര്‍ച്ച ചെയ്തിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണവര്‍. അവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംവരണം വേണം. അതിനിയും തുടരേണ്ടതുണ്ടോ എന്ന് ചര്‍ച്ച വന്നപ്പോള്‍ ശക്തമായ നിലപാടാണ് എടുത്തത്. സംവരണം തുടരണമെന്ന് വാദിച്ചു.

ക്രീമിലയര്‍ സംവിധാനം നടപ്പാക്കിയതോടെ സമ്പന്ന വിഭാഗം സംവരണത്തിനു പുറത്തായി. സംവരണപ്രകാരം ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ ആളുകളെ ഈ സമുദായത്തില്‍ നിന്നു ലഭിച്ചില്ലെങ്കില്‍ ക്രീമിലെയര്‍ വിഭാഗത്തിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാമെന്ന നിലപാട് എടുത്തു.

മുന്നോക്ക വിഭാഗത്തിലെ പരമദരിദ്രരായ ആളുകള്‍ക്ക് സംവരണം 10 ശതമാനമെങ്കിലും അനുവദിക്കണമെന്ന അഭിപ്രായം വന്നു. തങ്ങള്‍ അതിനെ ശക്തമായി അനുകൂലിച്ചു. എന്നാല്‍, ഈ നിലപാടിനെ എതിര്‍ത്തുകൊണ്ട് ചിലര്‍ രംഗത്തുവന്നു. 50 ശതമാനം വരെയാണ് സംവരണം. ഇതിന് ഭരണഘടനാ ഭേദഗതി വേണമെന്നായിരുന്നു നിലപാട്. യുഡിഎഫ് പ്രകടനപത്രികയിലും അത് സ്ഥാനം പിടിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയിലും ഇക്കാര്യമുണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ അവസരം കിട്ടിയത് ദേവസ്വം രംഗത്താണ്. അവിടുത്തെ പ്രത്യേക അവസ്ഥയില്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞു. ഭരണഘടനാ ഭേദഗതി വന്നതോടെ രാജ്യത്താകെ ഈ സംവരണം നടപ്പാക്കാമെന്നായി. നമ്മുടെ സംസ്ഥാനത്തും നടപ്പാക്കേണ്ടതായി വന്നിരിക്കുകയാണ്.

എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണ്. പാവങ്ങള്‍ തങ്ങളുടെ സംവരണാവകാശം പോകുമോ എന്ന ഭയത്തിലാണ് അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ആരുടെയും അവകാശം നേരിയ ശതമാനംപോലും ഹനിക്കപ്പെടില്ല എന്നാണ്. ഒരു പാര്‍ട്ടി 'ചന്ദ്രഹാസം ഇളക്കുന്നു'ണ്ട്. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണ്. എല്ലാ മുസ്ലീംകള്‍ക്കും സംവരണമുള്ള സംസ്ഥാനം കേരളമല്ലാതെ മറ്റേതാണുള്ളത്. മുന്നോക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്നാണ് പറയേണ്ടത്. രാജ്യത്താകെയുള്ള മുസ്ലീങ്ങള്‍ കേരളത്തിനു പുറത്ത് സംവരണേതര വിഭാഗമാണ്. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും ഒരു മതത്തിലും പെടാത്തവരിലെയും ഇത്തരത്തിലുള്ളവര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മാറും. ഏറ്റവും പാവപ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക. തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.