കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികം; മുട്ടില്‍ മരംമുറി കേസില്‍ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

 
cm

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും കോണ്‍ഗ്രസിന് ഉള്ളിലുള്ളവര്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണവയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍  തീക്ഷ്ണമാകും. സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് അറിയിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് മനസ്സമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നാല്‍ മനസ്സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാല്‍ മതനിരപേക്ഷതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കൂടിയായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മില്‍ എത്തിയത്.

മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താല്‍, കുറ്റം ചെയ്ത ആര്‍ക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും ഇളവുകളുണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഓണത്തിന് വീട്ടില്‍ വന്നപ്പോള്‍ കൂടെ ഫോട്ടോ എടുത്തു. അതില്‍ അസ്വാഭാവികതയില്ല. എന്റെ വീടിന്റെ അടുത്തുള്ള മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഒരുമിച്ച് കാണുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു. മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിന്റെഫോണ്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.