''ഇത് പ്രതിലോമ പ്രവര്‍ത്തനത്തിന് ജനം നല്‍കിയ ശിക്ഷ; അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു''

 
''ഇത് പ്രതിലോമ പ്രവര്‍ത്തനത്തിന് ജനം നല്‍കിയ ശിക്ഷ; അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു''

പ്രതിസന്ധികളില്‍ ഒന്നിച്ചുനില്‍ക്കാതെ നാടിന്റെ നേട്ടങ്ങള്‍ തകര്‍ക്കാന്‍ പ്രതിലോമ പ്രവര്‍ത്തനം നടത്തിയതിന് ജനം നല്‍കിയ ശിക്ഷയാണ് തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്കാണ് കേരളീയര്‍ ഉചിതമായ മറുപടി നല്‍കിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസക്തമാകുന്നു. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍കൂടി തകര്‍ന്നടിഞ്ഞിരിക്കുന്നു. യുഡിഎഫിന്റെ പ്രധാന നേതാക്കളുടെ സ്ഥലത്ത് പോലും പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചില്ലേ? തങ്ങളെ ഒരിക്കലും കൈവിടില്ലെന്ന് കരുതിയയിടത്താണ് അട്ടിമറി. ആ പാര്‍ട്ടിയുടെ വിശ്വാസ്യത പൂര്‍ണമായി തകരുന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഭരണത്തിലിരുന്ന മുന്നണി പിന്നോക്കംപോയി. ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വന്‍ വിജയം നേടി. ഒറ്റപ്പെട്ട മേഖലയിലോ പ്രദേശത്തോ മാത്രമുള്ള മുന്നേറ്റമല്ല. സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് സമഗ്ര ആധിപത്യം നേടി. ജനം കലവറയില്ലാത്ത പിന്തുണ നല്‍കി. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടു. ജനകീയ അടിത്തറ വിപുലമായി. കൂടുതല്‍ ജനാധിപത്യ ശക്തികളും ജനവും മുന്നണിക്കൊപ്പം അണിനിരന്നു. അതിന്റെ ആകെത്തുകയും കരുത്തും ഈ വിജയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടും പ്രതിഫലിച്ചിട്ടുമുണ്ട്.

കേരളത്തിന്റെ മനസ് മതനിരപേക്ഷതയ്ക്ക് ഒപ്പമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാടാനും ഇടതുമുന്നണിയാണ് ഉള്ളതെന്ന് കേരളം തിരിച്ചറിയുന്നു. അതുകൊണ്ടാണ് അവര്‍ ഇടതുമുന്നണിയെ കൂടുതലായി വിശ്വസിക്കുന്നത്. കഴിഞ്ഞ നാലഞ്ച് മാസമായി സര്‍ക്കാരിനെയും ഇടതുമുന്നണിയെയും ഇകഴ്ത്തി കാണിക്കാന്‍ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തിയത്. ഇതിനായി കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗിച്ചു. ഒരു വിഭാഗം വലതു മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. അതിലൂടെ ജനഹിതത്തെ അട്ടിമറിക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കേരളത്തിലെ ജനം കാര്യങ്ങള്‍ തിരിച്ചറിയാന്‍ വിവേകമുള്ളവരാണ്. കുപ്രചരണങ്ങളെ തള്ളി അവര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു.

ജനം സ്വന്തം ജീവിതാനുഭവത്തിലൂടെയാണ് തീരുമാനം എടുക്കുന്നത്. അപവാദം പ്രചരിപ്പിക്കുമ്പോള്‍ നിങ്ങളുടെ മുന്നില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു, അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്ന്. അത് വ്യക്തമായി. ജനവിരുദ്ധമായ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകണം. അത്തരമൊരു നിലപാട് അവര്‍ക്ക് സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ജനനന്മയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇതേവരെ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.