ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാം;സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

 
pinarayi

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി അറിയിച്ചത്. ഹോട്ടലുകളിലും ബാറുകളിലും ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായതായി മുഖ്യമന്ത്രി പറഞ്ഞു. 

ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ തുടര്‍ന്ന് ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി പ്രവേശനം അനുവദിക്കും. സാമൂഹ്യ അകലം പാലിച്ച് ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കാണ്  ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാവുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് ബാധകമല്ല. പകുതി സീറ്റുകളേ ക്രമീകരിക്കാവൂ. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളില്‍ തൊഴിലാളികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാകണം. 

നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ട്ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കാം. ഇവിടെയും വാക്‌സിനേഷന്‍ എടുത്തവരെയാകണം പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.