'മരംമുറി കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം; കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയം'

 
VD Satheesan

കോവിഡ് ഡേറ്റ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നു

വയനാട്ടിലെ മുട്ടില്‍ മരം മുറി കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധര്‍മ്മടത്തുള്ള രണ്ടു പേര്‍ പ്രതികളുമായി നൂറിലേറെ തവണ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണം. കേസിലെ ധര്‍മ്മടെ ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഫലപ്രദമാണ് കേരളത്തിലെ കോവിഡ് പ്രതിരോധമെന്നാണ് നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കോവിഡ് ഡേറ്റ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുന്നു.

കോണ്‍ടാക്ട് ട്രേസിംഗ് കേരളത്തില്‍ പരാജയമാണ്. ഒരാള്‍ പോസിറ്റീവ് ആയാല്‍ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ അനുപാതം. വാക്സിന്‍ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ വാക്സിന് സബ്സിഡി ഏര്‍പ്പെടുത്തണം. ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ കോവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡിലെ ബെഡ്ഡിന് 750 രൂപ ഏര്‍പ്പെടുത്തിയ തീരുമാനം അതിന് ഉദാഹരണമാണ്. ഈ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നതിനു താഴെ ഒപ്പുവെയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ ഭരാണാധികാരികള്‍ തയാറാകണമെന്നുംപ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.