സദാചാര തടവറകളാകരുത് കോളേജ് ഹോസ്റ്റലുകള്‍; ആറരയ്ക്കുശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ എന്തുസംഭവിക്കും?

രാത്രി നടത്തം സംഘടിപ്പിക്കുന്ന സര്‍ക്കാരും ഇരുട്ടത്ത് പെണ്‍ ഒറ്റയ്ക്ക് നിന്നാല്‍ ചോദ്യം ചെയ്യുന്ന സമൂഹവും
 
u c college

'കോളേജ് ഹോസ്റ്റലിലെ കര്‍ഫ്യു സമയം രാത്രി ഒമ്പതരവരെ  ആക്കണമെന്ന് നാളുകളായി ആവശ്യപ്പെടുകയാണ്. ബോയ്‌സ് ഹോസ്റ്റലിലെ പോലെ ആക്കണം എന്ന വാശിയല്ല, ഹൈക്കോടതി വിധി നടപ്പിലാക്കി 9.30  വരെ പുറത്തു പോകുന്നതിനുള്ള അവകാശം ഞങ്ങള്‍ക്കും ലഭിക്കണം. ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രിന്‍സിപ്പളിനേയും മാനേജരെയും നിരവധി തവണ കണ്ടു. വൈസ് ചാന്‍സലറിനും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി അയച്ചു. മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ സമരത്തിലേക്ക് നീങ്ങിയത്.' ആലുവ യു സി കോളേജിലെ  ബി. എ ഹിസ്റ്ററി വിദ്യാര്‍ത്ഥിനി ടെസ്സ സാറ കുര്യാക്കോസിന്റേതാണ് ഈ വാക്കുകള്‍. ആലുവ യു സി. കോളേജിലെ  ' ബ്രെക്ക് ദി കര്‍ഫ്യു' കാമ്പയിനില്‍ നേതൃനിരയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ് ടെസ്സ. 

ഞായറാഴ്ചകളില്‍ പുറത്തു പോകുന്നതിന്അനുവദിക്കുക, കര്‍ഫ്യു സമയം രാത്രി ഒമ്പതര വരെ നീട്ടുക എന്ന ഹൈക്കോടതി വിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിക്കുന്നത്. നിലവില്‍ ആറു മണിക്കാണ് വനിതാ ഹോസ്റ്റലുകളിലെ കര്‍ഫ്യു സമയം. കോളേജ് അധികാരികളില്‍ നിന്നും ഒരു  തീരുമാനവും  ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് നിര്‍ബന്ധിതരായതെന്നും  വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. 

'2019 മുതല്‍ കോളേജ് ഹോസ്റ്റലില്‍ ലേറ്റ് സ്ലിപ് ലഭ്യമാണെന്ന് കോളേജ് അധികാരികള്‍ ഇപ്പോള്‍ പറയുന്നുണ്ട്. 9.30 നുള്ളില്‍ എത്താന്‍ അത് പൂരിപ്പിച്ചു നല്‍കിയാല്‍ മതി എന്നും അവര്‍ പറയുന്നു. പക്ഷെ ഈ സമരം നടക്കുന്നതിനും രണ്ടു ദിവസം മുന്‍പ് ഒരു വിദ്യാര്‍ത്ഥിനി ലേറ്റ് സ്ലിപ്പിനു വേണ്ടി ചെന്നപ്പോള്‍ കിട്ടിയ മറുപടി വര്‍ഡന്മാര്‍ക്കു ഈ കാര്യത്തെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു. പരാതി നല്‍കുന്ന സമയത്തൊക്കെ ഗവേണിങ്ങ് ബോഡി കൂടട്ടെ എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ശരിയാക്കാം എന്ന മറുപടി നല്‍കുന്നുണ്ടെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയാണ് ഞങ്ങളെ സമരത്തിലേക്ക് എത്തിച്ചത്'; യു. സി. കോളജിലെ സൂവോളജി ഭാഗം പി ജി  വിദ്യാര്‍ത്ഥിനി എമില്ല പറയുന്നു.

കോളേജില്‍ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തിനായി പ്രിന്‍സിപ്പലിനെ വിളിച്ചെങ്കിലും ലഭ്യമായില്ല. കോളേജില്‍ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന്റെ പ്രതികരണം കോളേജിനെ പിന്തുണച്ചുകൊണ്ടായിരുന്നു. 'കോളേജ് ഹോസ്റ്റലില്‍  വിദ്യാര്‍ത്ഥിനികളുടെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്തു പോകാനുള്ള അനുവാദം നല്‍കുന്നുണ്ട്. കോളേജിന് അതിന്റെതായ അച്ചടക്കം ഉള്ളതുകൊണ്ടാണ് ഹോസ്റ്റലില്‍ രജിസ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക്  അത്യാവശ്യ കാര്യങ്ങള്‍ക്കും പരീക്ഷയുടെ കാര്യങ്ങള്‍ക്കുമെല്ലാം അതില്‍ കാര്യം രേഖപ്പെടുത്തി പുറത്തു പോകുന്നതിനുള്ള അനുവാദം കൊടുക്കുന്നുണ്ട്. അച്ചടക്കം ഏതൊരു സ്ഥാപനത്തിനും ആവശ്യമാണ്. അതിന്റെതായ രീതികള്‍ മാത്രമേ ഹോസ്റ്റലുകളില്‍ നടക്കുന്നൊള്ളു. ഒരു സ്റ്റുഡന്റസ് ഹോസ്റ്റലിനു വര്‍ക്കിങ്ങ് വുമണ്‍സ് ഹോസ്റ്റലിന്റെ രീതികളില്‍ നടത്താന്‍ സാധിക്കില്ലലോ.  പിന്നെ ഈ വിഷയത്തിന്റെ കൃത്യമായ ഒരു പ്രതികരണം കോളജ് അധികാരികള്‍ 28 -ആം തിയതി  ഗവേണന്‍സ് ബോഡി കൂടിയതിനു ശേഷം മാത്രം നല്‍കാന്‍ സാധിക്കൂ. ഒരു സെന്‍സിറ്റീവ് ഇഷ്യൂ ആയതുകൊണ്ട് കുട്ടികളുടെയും ആവശ്യങ്ങള്‍ കൂടി പരിഗണിച്ചു കോളേജിന്റെ ഡിസിപ്ലിന്‍ കാര്യങ്ങള്‍ കൂടി ആലോചിച്ചുള്ള തീരുമാനം ഉണ്ടാകും. ജനുവരി മൂന്നിനുള്ളില്‍ തീരുമാനം വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും. '

'പെണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യമാണ് കോളേജ് അധികാരികള്‍ സമയം നീട്ടുന്നതിന് പറയുന്ന തടസ്സം. വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തിറങ്ങാന്‍ ധൈര്യമുണ്ടെങ്കില്‍, അവരുടെ മാതാപിതാക്കള്‍ക്കും തടസ്സം ഇല്ലെങ്കില്‍ കോളേജ് അധികാരികള്‍ മാത്രം തടസ്സം നില്‍ക്കുന്നത് എന്തിനാണ്?' എമില്ല ചോദിക്കുന്നു.

ഡിസംബര്‍ 20 ആം തിയതി തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശേഷം ആലുവ -പറവൂര്‍  റോഡ് ഉപരോധത്തോടെയാണ് സമരം തുടങ്ങിയത്. 90 വിദ്യാര്‍ത്ഥിനികളില്‍ അധികം സമരത്തില്‍ പങ്കെടുത്തിരുന്നു. ഗതാഗതകുരുക്ക്  സൃഷ്ടിച്ച സമരം പിന്നീട് പോലീസ് ഇടപെടലില്‍ കോളേജ് ഗേറ്റിനുള്ളിലേക്കു മാറ്റി. മണിക്കൂറുകള്‍ നീണ്ടുനിന്ന സമരം രാത്രി 10 മണി കഴിഞ്ഞതിനു ശേഷമാണ് അവസാനിച്ചത്. സ്ഥലം എം.എല്‍.എ . അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍  ജനുവരി മൂന്നിനുള്ളില്‍ വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന്  കോളജ് അധികൃതര്‍ രേഖാമൂലം  വിദ്യാര്‍ത്ഥിനികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആലുവ യു. സി. കോളേജില്‍ നാല് വനിതാ ഹോസ്റ്റലുകളിലായി 300 ലധികം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നുണ്ട്.

'ഗവേണന്‍സ് ബോഡിക്കു ശേഷം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാനാണ് ഞങ്ങളുടെ  തീരുമാനം. കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടികളും അന്വേഷിക്കുന്നുണ്ട്. കോളജില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ': ടെസ്സ പറയുന്നു. 'നിലവില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ 6 .30 എന്ന സമയം നിലനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ക്കു ഏതു സമയവും പുറത്തു പോകുന്നതിനു അനുവാദം നല്കപ്പെടുന്നുണ്ട്. 'വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

പൊതു ഇടം എന്റേതും 

ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു രാത്രി 10.30  മുതല്‍ 12 വരെ  വനിതാ ശിശു വികസന വകുപ്പിന്റെ  നേതൃത്വത്തില്‍ സ്ത്രീകള്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'രാത്രി നടത്തം' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായിരുന്നു വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ലോക വനിത ദിനമായ മാര്‍ച്  എട്ടു  വരെ രാത്രി നടത്തം നടക്കും. 'പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തിലാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. 

പൊതു ഇടം സ്ത്രീകളുടേതുമാണെന്ന ആഹ്വാനം ശക്തമാകുന്ന സാഹചര്യത്തില്‍ തന്നെയാണ് ഹോസ്റ്റല്‍ സമയങ്ങളിലെ കോടതി വിധി നടപ്പിലാക്കുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സമരം ചെയ്യേണ്ടി വരുന്നതും. '2019 ല്‍  ഹോസ്റ്റല്‍ കര്‍ഫ്യു  സമയം  9.30  ആക്കുന്നതിനുള്ള അനുവാദം നല്‍കുന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അന്തിമ തീരുമാനം കോളജ് അധികൃതരാണ് എടുക്കേണ്ടത് എന്നും ഉത്തരവിലുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണു ഞങ്ങള്‍ക്ക് സമരങ്ങള്‍ ചെയ്യേണ്ടി വരുന്നത്;  'യു.സി. കോളേജിലെ  വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.  

മുന്‍  സമരങ്ങള്‍ 

തിരുവനന്തപുരം സി.ഇ. ടി. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ 2019 ല്‍  ഒന്നര ദിവസം നീണ്ട രാപകല്‍ സമരം നടത്തിയിരുന്നു. ഹോസ്റ്റല്‍ കര്‍ഫ്യു സമയം ഒമ്പതരയാക്കുന്നതിനു വേണ്ടിയായിരുന്നു ആ സമരവും. അതിനു ശേഷമുള്ള സര്‍ക്കാര്‍ ഇടപെടലില്‍ ഹോസ്റ്റല്‍ സമയം ഒമ്പതരയാക്കി ഉത്തരവിറക്കി. 2014 ല്‍ കോളജില്‍ ഇതേ വിഷയത്തിന് വേണ്ടി 'ബ്രെക് ദ കര്‍ഫ്യു' ക്യാമ്പയിന്‍  നടത്തിയിരുന്നു. അന്ന് സമരം പരാജയപ്പെട്ടിരുന്നെങ്കിലും 2019 ല്‍ അതേ വിഷയം വിജയത്തിലേക്ക് എത്തുകയായിരുന്നു.

'ക്യാമ്പസിനുള്ളിലെ ലാബും ലൈബ്രറിയും ഉപയോഗിക്കുന്നതിന് ഞങ്ങള്‍ക്ക്  തുല്യമായ അവസരം ലഭിച്ചിരുന്നില്ല. രാത്രി 9.30  വരെ കോളേജിലെ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപോലെ വിവേചനകള്‍ നേരിടുന്ന മറ്റു കോളജുകളും ഞങ്ങളുടെ സമരം മാതൃകയാക്കണം.'സമരം വിജയിച്ചതിനു ശേഷം 'ആസാദി' എന്ന സമര കാമ്പെയിനു നേതൃത്വം നല്‍കിയ  അമൃത എന്ന വിദ്യാര്‍ത്ഥിനിയുടെ വാക്കുകളായിരുന്നു  അത്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ സമരത്തിന് പിന്നാലെ 2019 ല്‍ വഴുതക്കാട് ഗവണ്മെന്റ് വുമണ്‍സ് ഹോസ്റ്റലും തൃശൂര്‍ എഞ്ചിനീറിങ് കോളേജ്  യൂണിയനും ചേര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയത്തിലെ വിവേചനത്തിനെതിരെ കോടതിയില്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തിരുന്നു. കോടതി ഹോസ്റ്റല്‍ സമയപരിധി  രാത്രി 9.30  വരെയാകാന്‍  അനുവദിക്കുന്ന വിധി പുറപ്പെടുവിച്ചു. എല്ലാ ഗവണ്‍മെന്റ്  കോളേജുകള്‍ക്കും യുണിവേസിറ്റികള്‍ക്കും കോടതി വിധി ബാധകമാണെന്നും വിധിയില്‍ പറയുന്നു.
 
' വൈകിട്ട് ആറരയ്ക്കകം ഹോസ്റ്റലില്‍ എത്തണം എന്ന ചട്ടമുള്ളതുകൊണ്ടു കോളേജിലെ സെന്‍ട്രല്‍ ലൈബ്രറിയും സെന്‍ട്രല്‍ കംപ്യുട്ടിങ് ഫെസിലിറ്റിയുമൊക്കെ  ഉപയോഗിക്കുന്നതിനു സമയ പരിമിതി നേരിടുന്നുണ്ട് . ആണ്‍കുട്ടികള്‍ക്ക് സമയനിയന്ത്രണങ്ങള്‍ ഇല്ലാതിരിക്കെ, പെണ്‍കുട്ടികള്‍ നേരിടുന്നത് ലിംഗവിവേചനമാണെന്നും' 2019 ല്‍ തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ  വിദ്യാര്‍ത്ഥിനികള്‍  നല്‍കിയ പരാതിയില്‍ ചൂണ്ടി കാണിച്ച വിഷയമായിരുന്നു ഇത്. 

വൈകിട്ട് ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ എത്തണം, രാത്രിയില്‍ പുറത്തിറങ്ങരുത്, സിനിമക്ക് പോകരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കെതിരെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലും സമരങ്ങള്‍ നടന്നു. ഹൈക്കോടതി  വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2019- ല്‍ മൂന്നു ദിവസത്തെ സമരമാണ് നടന്നത്. ഗവണ്മെന്റ് കോളേജുകളിലെ ഹോസ്റ്റലുകളില്‍ ഹൈക്കോടതി വിധി നടപ്പിലാക്കിയ പശ്ചാത്തലത്തിലായിരുന്നു സമരം. മൂന്നു  ദിവസത്തെ  സമരത്തിനൊടുവില്‍  വിദ്യാര്‍ത്ഥിനികളും കോളജ് അധികൃതരും  നടത്തിയ ചര്‍ച്ചയില്‍ ഹോസ്റ്റല്‍  സമയ പരിധി രാത്രി 8.30  ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു. .

സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നതാണോ  പ്രശ്‌നം ?

'കുറച്ചു വര്‍ഷങ്ങള്‍ മുമ്പാണ് ഇത് നടന്നത്. സ്വന്തം വീട്ടിലേക്ക് അത്യാവശ്യമായി എത്തിച്ചേരേണ്ട ഒരു അവസ്ഥ വന്നു. സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ദേശീയ പാതയ്ക്ക് അടുത്തു തന്നെയുള്ള ഒരു വീട്ടിലാണ് അന്ന് ഞാന്‍  പേയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. സാധാരണ എന്റെ  നാട്ടിലേക്കുള്ള  ബസ് അവിടെ നിന്നും വേഗം  കിട്ടാറുള്ളതാണ്. പകല്‍ സമയങ്ങളില്‍ ആയിരുന്നു മുമ്പ് പോയിരുന്നത്. അന്ന് കുറച്ചു സമയം അവിടെ സ്റ്റോപ്പില്‍ നില്‍ക്കേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോ അവിടേക്കു വന്ന ഒരു  വ്യക്തി ഞാന്‍ അവിടെ നില്‍ക്കുന്നത് വേറെ എന്തോ ഉദ്ദേശത്തിനാണ് എന്ന രീതിയില്‍ ചിന്തിച്ചു എന്നോട് സംസാരിച്ചു. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ആള്‍ അല്ല ഞാന്‍ എന്ന് പറഞ്ഞു. എന്തായാലും ആ വ്യക്തി പോയി. വേറൊരു വ്യക്തി പിന്നെ അവിടേക്കു വന്നു എന്നിട്ട് ഇവിടെ ഈ സമയം നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു.' ഒറ്റക്ക് ഒരു സ്ത്രീ അത്യാവശ്യത്തിനു പുറത്തിറങ്ങിയാലും സമൂഹം നല്‍കുന്ന കാഴ്ചപാടിനെക്കുറിച്ച് ഒരു അദ്ധ്യാപിക  പറഞ്ഞതാണ്.  സ്ത്രീകള്‍ ഒറ്റയ്ക്ക് രാത്രി പുറത്തിറങ്ങിയാല്‍ അത് വേറെ ഉദ്ദേശത്തിനാണെന്നു കരുതി വിലയിരുത്തുന്ന  സമൂഹം ഇപ്പോഴും ഉണ്ടെന്ന വസ്തുതയാണ് അദ്ധ്യാപിക വ്യക്തമാക്കിയത്. 2012 ഡിസംബര്‍ 16 രാത്രി  ഡല്‍ഹിയില്‍ നടന്ന റേപ് കേസില്‍ 'നിര്‍ഭയ' യില്‍  കുറ്റം കണ്ടു പിടിക്കാന്‍ ശ്രമിച്ച ചിലര്‍ കണ്ടെത്തിയത് '  രാത്രിയില്‍ അസമയത്ത് പുറത്തിറങ്ങിയതാണ് കുഴപ്പം ആയത് ' എന്നതായിരുന്നു.

'ഹോസ്റ്റലില്‍ നിന്ന് രാത്രി വീട്ടിലേക്കു വരുമ്പോള്‍ ഞാന്‍ ബസ് സ്റ്റാന്‍ഡിലാണ് ഇറങ്ങുന്നത്. അവിടെ എന്റെ പപ്പ കാത്തു നില്‍ക്കും. പപ്പയോ  ചേട്ടനോ കൂടെയില്ലെങ്കില്‍ മോള്‍  എന്താ ഒറ്റയ്ക്ക് എന്ന ചോദ്യങ്ങള്‍ ഉണ്ടാവും. പുറം രാജ്യങ്ങളിലൊക്കെ ഉള്ളത് പോലെ  രാത്രിയില്‍ പെണ്‍കുട്ടികള്‍ ഒറ്റക്ക് പോകുന്നത് സാധാരണമായി മാറിയാല്‍ വീട്ടുകാര്‍ക്കുള്ള ടെന്‍ഷന്‍ കുറയും . ആവശ്യമില്ലാത്ത ചോദ്യങ്ങളും പിന്നെ ഉണ്ടാവില്ല ; 'പെരുമ്പാവൂരില്‍  നിന്നുമുള്ള ഒരു നഴ്സിങ് വിദ്യാര്‍ത്ഥിനിയുടേതാണ് ഈ വാക്കുകള്‍.

ഇതുപോലുള്ള പല സാഹചര്യങ്ങളിലും സ്ത്രീകള്‍ക്ക് നേരെ  സദാചാരത്തിന്റെ ചോദ്യം ചെയ്യലുകള്‍ നടത്താനും  ഉപദേശങ്ങള്‍ നല്‍കാനും താല്‍പര്യപ്പെടുന്ന സമൂഹമാണ് ഇന്നും ചുറ്റിലും ജീവിക്കുന്നത്. യു.സി കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബ്രെക് ദി കര്‍ഫ്യു സമരവുമായി മുന്നിലെത്തിയത് മാധ്യമ വാര്‍ത്ത ആയ സമയത്തു വന്ന ചില സോഷ്യല്‍ മീഡിയ കമന്റുകളും ഈ  രീതിയിലുള്ളതാണ്. സദാചാരത്തിന്റെ ഉപദേശങ്ങളും പെണ്‍കുട്ടികളുടെ ഉദ്ദേശ ശുദ്ധിയെയും ചോദ്യം ചെയ്യുന്ന നിരവധി കമന്റുകള്‍ വിവിധ മാധ്യമങ്ങളുടെ കമന്റ് സെക്ഷനില്‍ കാണാന്‍ കഴിയും.

പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നുണ്ടോ ?

സ്ത്രീകളുടെ പൊതു ഇടങ്ങളിലെ സുരക്ഷിതമായ യാത്രക്ക് വേണ്ടി സര്‍ക്കാര്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. പിങ്ക് പോലീസ്, നിര്‍ഭയ എന്നിവ അതിന് ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി 2016 ഓഗസ്‌ററ് 15 ന് നിലവില്‍ വന്ന കേരള സര്‍ക്കാര്‍ പദ്ധതിയാണ് പിങ്ക് പോലീസ് . എന്നാല്‍ ഇന്ന് പിങ്ക് പോലീസ് വാര്‍ത്തകളില്‍ നിറയുന്നത് ആറ്റിങ്ങലില്‍  എട്ടുവയസുകാരിയെ പരസ്യവിചാരണ നടത്തിയതിന്റെ പേരിലാണ്. മോഷണ കുറ്റം ആരോപിച്ചു അച്ഛനെയും മകളെയും പോലീസ് തടഞ്ഞു വെച്ച് വിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.  

'സ്ത്രീ സുരക്ഷക്ക് വേണ്ടി തുടങ്ങുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് ഇവിടെ ഏതു സമയത്തും പുറത്തിറങ്ങി നടക്കാനൊക്കെ പറ്റും. പക്ഷെ ഇവിടെ പദ്ധതികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന രീതിയിലാണ് പിങ്ക് പോലീസ്‌നെക്കുറിച്ചുള്ള  വാര്‍ത്തകളില്‍  നിന്നും മറ്റു കേസുകളില്‍ നിന്നും മനസ്സിലാവുന്നത്. നേഴ്സായതുകൊണ്ടു ഡ്യൂട്ടിക്ക് പല സമയത്തും പോകേണ്ടി വരും. ആദ്യമൊക്കെ കുടുംബത്തില്‍ ഉള്ളവര്‍  ആയിരുന്നു  ജോലി സ്ഥലത്തു കൊണ്ട് വിട്ടിരുന്നത്.  ഇപ്പോ സ്വന്തം ടൂ വീലറിലാണ് പോകുന്നത്.ഇന്നത്തെ കാലത്തു പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ധാരാളം പ്രൊഫഷനുകള്‍ ഉണ്ട്. നിയമം ശക്തമാക്കിയാല്‍ ഏതു സമയത്തും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റും': നഴ്‌സായ തൃശൂര്‍  സ്വദേശിനി  ലാലിയുടേതാണ് ഈ വാക്കുകള്‍. നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ ഏതു സമയത്തും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്ന അഭിപ്രായക്കാരിയാണ് ഇവര്‍.
 
പൊതുവാഹനങ്ങളിലെ സ്ത്രീയാത്രക്കാര്‍ക്കു സുരക്ഷയൊരുക്കുന്നതിനു വേണ്ടി 2019 ല്‍ ആരംഭിച്ച നിര്‍ഭയ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ബസുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍,ടാക്സികള്‍ എന്നിവയില്‍  ജി പി എസ് ഘടിപ്പിച്ച് പാനിക് ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ ആയിരുന്നു തീരുമാനം.  യാത്രക്കിടയില്‍ ബുദ്ധിമുട്ടുകള്‍ വന്നാല്‍ പരാതിപെടുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്. കോവിഡും ലോക് ഡൗണും മൂലം നിരവധി തവണ സര്‍ക്കാര്‍ അവധി നീട്ടി നല്‍കി.

6.41 കോടി രൂപ ചെലവിട്ട് തിരുവനന്തപുരത്ത്  മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും, 17 ആര്‍.ടി. ഓഫിസുകളിലായി മിനി കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചു. വാഹനങ്ങളുടെ ജി.പി.എസ് . യൂണിറ്റുകള്‍ ബന്ധിപ്പിക്കുന്നതിനു സെര്‍വറുകളും ഒരുക്കി. എന്നാല്‍ ജി പി എസ് ഘടിപ്പിക്കാത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഡിസംബറില്‍ പദ്ധതിയുടെ കാലാവധി തീരും.

ഹോസ്റ്റല്‍ നിയമങ്ങളില്‍ തുല്യത വേണ്ടേ?
 
'ഞാനും ഹോസ്റ്റലില്‍ നിന്നിട്ടുണ്ട്. അവിടെ ഒത്തിരി നിയമങ്ങളും ഉണ്ടായിരുന്നു. കൂടെ പഠിച്ച ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ വൈകി കയറിയാല്‍ മതി. ഞങ്ങള്‍ക്ക് എന്തെങ്കിലും അത്യാവശ്യത്തിനു  വൈകി എത്തുന്നതിനും, പുറത്തു പോകുന്നതിനും ഒക്കെ പ്രത്യേക അനുവാദം കോളജില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമൊക്കെ വാങ്ങണമാായിരുന്നു. ഇന്ന് പല മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ഐ.ടി.പ്രൊഫഷനുകളിലും ഒക്കെ ആയിട്ടുള്ള സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട്. പക്ഷെ നമ്മുടെ നാട്ടില്‍ ഇപ്പോഴും ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി ഒരു സ്റ്റോപ്പില്‍ നിന്നാലോ യാത്ര ചെയ്താലോ സംശയത്തിന്റെ കണ്ണുകള്‍ പുറകെ  ഉണ്ടാവും. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചര്‍ച്ചകളും വിവാഹ പ്രായം 21 വയസിലെത്തിക്കുന്ന ചര്‍ച്ചകളും ഒക്കെ  ഇപ്പോ  വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ. എല്ലാ കാര്യങ്ങളിലും തുല്യത എന്ന് പറയുമ്പോ രാത്രി പുറത്തിറങ്ങുന്നതിനും വേണമല്ലോ. വിദേശ രാജ്യങ്ങളില്‍ ഒക്കെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏതു സമയത്തും പുറത്തിറങ്ങാന്‍ അവസരങ്ങള്‍ ഉണ്ടല്ലോ.അങ്ങനെയൊക്കെ നോക്കുമ്പോ ഈ ഹോസ്റ്റല്‍ നിയമങ്ങളിലും തുല്യത വേണം. അവര്‍ക്കും അവസരങ്ങളില്‍ വേര്‍തിരിവ് കൊടുക്കുന്നത് എന്തിനാണ്? പിന്നെ ജോലിയൊക്കെ കിട്ടുമ്പോ പുറത്തു പോകാന്‍ പേടിക്കുന്നതിനേക്കാള്‍ നല്ലത്, അതിനു മുന്‍പേ ഏതു സമയത്തും യാത്ര ചെയ്യുന്നതിനുള്ള ധൈര്യത്തില്‍ എത്തിക്കുന്നതല്ലേ?' ഐ. ടി. മേഖലയില്‍ ജോലി ചെയ്യുന്ന മരിയയുടേതാണ് ഈ വാക്കുകള്‍.

'വൈകുന്നേരം ആകുമ്പോഴേക്കും ഹോസ്റ്റലിനുള്ളില്‍ കയറി സുരക്ഷിതമായി നില്‍ക്കണം എന്ന ചിന്തയിലാണ് ഇപ്പോഴും പല കുട്ടികളും വളര്‍ത്തപ്പെടുന്നത്. ഒരു പുതിയ കോച്ചിങ് ക്ലാസ്സിനു ചേരുന്നതിനെക്കുറിച്ചോ പുതിയത് എന്തെങ്കിലും പഠിക്കുന്നതിനെക്കുറിച്ചോ, അല്ലെങ്കില്‍ പഠനത്തോടൊപ്പം ഒരു ജോലി ചെയ്യാനുള്ള സാധ്യതയെക്കുറിച്ചോ ആലോചിക്കുന്നതിനു പോലും ഇതുപോലുള്ള ഹോസ്റ്റല്‍ നിയമങ്ങള്‍ തടസ്സമാകാറുണ്ട്. ഇതുപോലുള്ള നിയമങ്ങള്‍ നീങ്ങിയാല്‍ അത്തരം സാധ്യതകള്‍ പെണ്‍കുട്ടികള്‍ക്കും ലഭിക്കും.' ആലുവ യു. സി. കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രതീക്ഷകളാണ് അവരില്‍ തന്നെ ഉള്ളവരുടെ ഈ വാക്കുകള്‍.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തുല്യത ചര്‍ച്ചകള്‍ സജീവമാകുന്ന ഈ കാലത്ത് സ്ത്രീകളെ രാത്രി സമയങ്ങളില്‍ പുറത്തിറക്കാതിരിക്കാനുള്ള നിയമങ്ങളാണോ വേണ്ടത്  എന്ന് ആലോചിക്കേണ്ടതാണ്. ആസാദി മുദ്രാവാക്യങ്ങളും ബ്രെക് ദി കര്‍ഫ്യു കാമ്പെയ്നുകളും ചര്‍ച്ചകളും പുതിയ തലമുറകളില്‍ നിന്നും ഇനിയും അധികമായി  ഉയര്‍ന്നു വരുന്നുണ്ട്.