നന്മയുടെ കുംഭഗോപുരം; പ്രകാശം പരത്തിയ മഹാപുരോഹിതന്‍

 
നന്മയുടെ കുംഭഗോപുരം; പ്രകാശം പരത്തിയ മഹാപുരോഹിതന്‍

നന്മയുടെ കുംഭഗോപുരം.മാനവസേവ ഈശ്വരസേവയായി കരുതിയ ഉത്തമമനുഷ്യനാണ് നൂറ്റിനാലാം വയസ്സില്‍ അന്തരിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. സമൂഹത്തിലുടനീളം പ്രകാശം പരത്തിയ വ്യക്തിത്വം. നര്‍മ്മം നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവത്തിങ്കലേക്ക് മനുഷ്യരെ നയിച്ചുകൊണ്ടുപോകുന്ന ലളിതമായ പാതയായിരുന്നു. അത്യുന്നതമായ ദൈവികചിന്ത. അതിനെ അടിസ്ഥാനമാക്കിയുള്ള, സമൂഹത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന അപാരമായ ജീവിതനിരീക്ഷണം. കണ്ടതൊക്കേയും നര്‍മ്മത്തിന്റെ മൊഴിസ്വരൂപത്തിലൂടെ ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള അനിതരസാധാരണമായ വൈഭവം. ചിരിയും ചിന്തയും നിറച്ച എഴുത്തും പ്രസംഗവും.

സാധാരണഗതിയില്‍ ആത്മീയവ്യക്തിത്വങ്ങള്‍ ഇത്തരമൊരു ഭാഷണസ്വരൂപത്തെ രൂപപ്പെടുത്തിയെടുക്കുന്നവരല്ല. പക്ഷെ വലിയ മെത്രാപ്പോലീത്ത തീര്‍ത്തും വ്യത്യസ്തനായിരുന്നു. കടന്നുപോയ എല്ലാവഴികളിലും പ്രകാശം പരത്തിയ അനിതരസാധാരണമായ വ്യക്തിത്വം. നമ്മുടെയുള്ളിലെ തന്മകളേയും തിന്മകളേയും മന്ദഹാസത്തോടെ ചൂണ്ടിക്കാട്ടിതന്ന മഹാപുരോഹിതന്‍. താന്‍ ദൈവത്തോടും തമാശ പറയുമെന്ന് ക്രിസോസ്റ്റം തിരുമേനി പറയാറുണ്ട്. ദൈവം അതിന് മറുപടിയും തന്നോടു പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ബിജെപി നേതാവും ഇപ്പോള്‍ മിസോറാം ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള ഒരിയ്ക്കല്‍ പറഞ്ഞ സംഭവമുണ്ട്. കൂറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീധരന്‍ പിള്ള വലിയ മെത്രാപ്പോലീത്തയെ കാണാന്‍ പോയി. അക്കാലത്ത് ക്രിമിനല്‍ കേസുകള്‍ കൂടുതലായി കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു ശ്രീധരന്‍ പിള്ള. വലിയ മെത്രാപ്പോലീത്ത ശ്രീധരന്‍ പിള്ളയോട് ചോദിച്ചു. ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടല്ലേ രാവിലെ ഇറങ്ങിയതെന്ന്. അതെയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അപ്പോള്‍, ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ ലഭിക്കണമെന്നായിരിക്കുമല്ലോ പ്രാര്‍ത്ഥിച്ചതല്ലേയെന്ന് വലിയ മെത്രാപ്പോലീത്ത ചോദിച്ചു. ആ വാക്കുകളില്‍ പ്രകടമായ നര്‍മ്മത്തെ കടന്നു നില്‍ക്കുന്ന ഒരു തത്വവിചാരമുണ്ട്. പരമമായ ആ തത്വവിചാരത്തിലേക്ക് മനുഷ്യരെ ഉണര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനുമുള്ള ആയുധമാകുന്നു വലിയ മെത്രാപ്പോലീത്തയ്ക്ക് നര്‍മ്മം.

അതായിരുന്നു വലിയ മെത്രാപ്പോലീത്തയുടെ ഫലിതത്തിന്റെ കാതല്‍. ദൈവത്തിലേക്ക്, ആത്യന്തികമായ നന്മയിലേക്ക് മനുഷ്യരെ അഹങ്കാരലേശം നയിച്ചുകൊണ്ടുപോകുന്ന ഏറ്റവും ശക്തമായ ആയുധം. തനിയ്ക്ക് തികച്ചും സംതൃപ്തമായ ജീവിതമാണ് ഈശ്വരന്‍ നല്‍കിയതെന്നും ക്രിസോസ്റ്റം തിരുമേനി പറഞ്ഞിട്ടുണ്ട്. ഇനിയൊരു ജന്മമമുണ്ടെങ്കില്‍ അത് താന്‍ ജനിച്ച കുടുംബത്തിലും സഭയിലും സമൂഹത്തിലും ചങ്ങാതിമാര്‍ക്കും ഒപ്പമായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. തനിക്കു സംതൃപ്തമായ ജിവിതം ദാനം ചെയ്ത ദൈവത്തിന്റെ അനുഗ്രഹം സമൂഹത്തിലേക്ക് കൈമാറുകയെന്നതാണ് ജീവിതദൗത്യമെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

'' അനുഗ്രഹങ്ങള്‍ കൊണ്ട് ദൈവം ആശിര്‍വദിച്ചതായ ഒരാളാണ് ഞാന്‍. ദൈവത്തോടുള്ള നന്ദി വളരെ വലുതാണ്.'' അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളിലും നിറഞ്ഞുനിന്നത് ഈ ദൈവവിചാരമായിരുന്നു. ദൈവം തമ്പുരാന്റെ ഇഷ്ടം പൂര്‍ണ്ണമായും തനിയ്ക്കറിയില്ല, പക്ഷെ ദൈവം തന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ക്രിസോസ്റ്റം തിരുമേനി ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 'ഞാന്‍ അധികം തമാശകളും പറയുന്നത് ജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളും ആദര്‍ശങ്ങളും മനുഷ്യന്റെ മനസ്സില്‍ ഉറപ്പിക്കുന്നതിനാണ്. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ്. അനുഭവങ്ങളുടെ ആനന്ദം മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കുന്നു. ഷെയര്‍ ദ ജോയ് വിത്ത് അതേഴ്‌സ്.' നര്‍മ്മങ്ങളുടെ തമ്പുരാന്‍ എന്തുകൊണ്ട് താന്‍ ഫലിതം പറയുന്നുവെന്ന് വ്യക്തമാക്കുകയാണ്. നര്‍മ്മം എപ്പോഴും പറയുന്നതിന്റെ അപകടങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. ആവര്‍ത്തിക്കേണ്ടിവരും എന്നതാണ് അതിലൊന്ന്. തമാശ താന്‍ പറയുന്നത് വലിയവനാകാനാണെങ്കില്‍ അത്തരം ആവര്‍ത്തനങ്ങളെ കുറിച്ച് താന്‍ പേടിക്കേണ്ടതുണ്ട്. പക്ഷെ അതല്ല, തന്റെ ഊന്നല്‍. ദൈവം തന്നില്‍ ചൊരിഞ്ഞ കൃപാകടാക്ഷങ്ങള്‍ സഹജാതര്‍ക്കു പകര്‍ന്നുകൊടുക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗ്ഗമാണ് നര്‍മ്മം. അതുകൊണ്ട് താന്‍ അത് ആവര്‍ത്തിക്കാറുമുണ്ട്. അദ്ദേഹം വിശദമാക്കുന്നു.

അപരനോടുള്ള കരുതലിനെക്കുറിച്ച് ക്രിസോസ്റ്റം തിരുമേനി പറയുന്നു: ''ഞാന്‍ ആയിരിക്കുന്നത് മുഴുവനും മറ്റുള്ളവര്‍ മുഖാന്തരമാണ്. എന്നെ പഠിപ്പിച്ചത് വേറൊരാളാണ്. എന്നെ ചികിത്സിച്ചത് വേറൊരാളാണ്. എന്നെ വളര്‍ത്തിയത് വേറൊരാളാണ്. ഞാന്‍ തന്നെ എനിയ്ക്കുവേണ്ടി ചെയ്തത് എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, ഞങ്ങളുടെ ഭാഷയില്‍ പറയും, ചുണ്ടയ്ക്കാകൊടുത്ത് വഴുതനങ്ങ വാങ്ങിച്ചുവെന്ന്. അത് മാത്രമാണ് ഞാന്‍ സാധിച്ചിട്ടുള്ളതെന്ന്. ''

സമൂഹത്തിലെ സമസ്തധാരകളുമായി ജൈവികമായ ബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടേത്. മനുഷ്യരെ മാത്രമല്ല, സഹജാതങ്ങളായ എല്ലാം അദ്ദേഹത്തിന് പ്രിയമായിരുന്നു. പ്രകൃതി, പക്ഷികള്‍, പറവകള്‍...എന്നുതുടങ്ങി എല്ലാം. തികഞ്ഞ മതേതര മനസ്സിന്റെ ഉടമയായ അദ്ദേഹം സമൂഹത്തിലെ എല്ലാവിഭാഗങ്ങളുമായി ഭേദഭാവങ്ങളില്ലാതെ ഇടപെട്ടു. ഒരിയ്ക്കലും മാഞ്ഞുപോകാത്ത ചിരി നിറഞ്ഞമുഖവുമായി അവരുമായി സംവദിച്ചു. രാഷ്ട്രയത്തിലും കലയിലും സമൂഹത്തിന്റെ സമസ്തമേഖലകളിലും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. എല്ലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും ക്രിസോസ്റ്റം തിരുമേനി അടുത്തവ്യക്തിബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങളിലെല്ലാം അദ്ദേഹം നിരന്തരം, ജൈവികമായി ഇടപെട്ടു. നിരന്തരം യാത്ര ചെയ്തു. പ്രസംഗിച്ചു. എല്ലായിടത്തും പ്രകാശം പരത്തിയ, നമ്മുടെ ജീവിതത്തിലേക്ക് നന്മയുടെ അന്തമില്ലാത്ത വീചികളെത്തിച്ച വലിയ മെത്രാപ്പോലീത്ത ഇനി ചിരസ്മരണകളിലൂടെ നമ്മുടെ ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കും.