ദൈവത്തിന്റെ ഇടപെടലെന്ന് അഭയയുടെ സഹോദരന്‍ ബിജു തോമസ്, സത്യം ജയിച്ചെന്ന് സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്

 
ദൈവത്തിന്റെ ഇടപെടലെന്ന് അഭയയുടെ സഹോദരന്‍ ബിജു തോമസ്, സത്യം ജയിച്ചെന്ന് സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ശരിവെച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ ബിജു തോമസ്. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാണ് 28 വര്‍ഷത്തിനുശേഷം വിധി വന്നത്. കൂടെ നിന്ന വൈദികര്‍, സന്യാസിനികള്‍, നുഷ്യാവകാശ പ്രവര്‍ത്തകര്‍ എല്ലാവരോടും നന്ദിയുണ്ട്. സഭയുടേയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലാണ് വിധി വൈകാന്‍ കാരണം. കേസ് തെളിയില്ലെന്ന് ഒരുഘട്ടം വരെ കരുതി. ഒടുവില്‍ എല്ലാം തെളിഞ്ഞിരിക്കുന്നു എന്നായിരുന്നു ബിജുവിന്റെ പ്രതികരണം.

സത്യം തെളിഞ്ഞെന്നായിരുന്നു കേസ് അന്വേഷണത്തിന് ആദ്യം നേതൃത്വം നല്‍കിയിരുന്ന സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ പ്രതികരണം. സത്യസന്ധമായാണ് കേസുകള്‍ അന്വേഷിക്കാറുള്ളൂ. കൃത്യമായും ആഴത്തിലുമാണ് കേസ് അന്വേഷിച്ചത്. നൂറ് ശതമാനം സത്യസന്ധമായിരുന്നു അത്. അതിന്റെ തെളിവാണ് ഇന്നത്തെ കോടതി വിധി. കുറ്റം തെളിഞ്ഞു എന്ന് പറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ് അര്‍ത്ഥം. ശിക്ഷ കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ തന്റെ അന്വേഷണം നീതിപൂര്‍വമായിരുന്നെന്ന് തെളിഞ്ഞു. അതില്‍ സന്തുഷ്ടനാണെന്നും വികാരനിര്‍ഭരനായി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

അഭയയുടേത് കൊലപാതകമാണെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് വര്‍ഗീസായിരുന്നു. എന്നാല്‍ അഭയയുടെ മരണം ആത്മഹത്യയാക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വര്‍ഗീസ് വിആര്‍എസ് എടുക്കുകയായിരുന്നു. 10 വര്‍ഷം സര്‍വീസ് ബാക്കിനില്‍ക്കെയാണ് വര്‍ഗീസ് ജോലി വിട്ടത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പലരും ഡിഐജിമാരായി. പൊലീസിലായാലും ഡിഫന്‍സിലായാലും മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരുക പ്രയാസമാണ്. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ജോലി വിട്ടതെന്നും വര്‍ഗീസ് പറഞ്ഞു.