എം ലിജുവിനെതിരായ വാര്‍ത്താസമ്മേളനം; ഇല്ലിക്കല്‍ കുഞ്ഞുമോനെ പുറത്താക്കി കോണ്‍ഗ്രസ്
 

 
d

തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി ഡിസിസി അധ്യക്ഷനതിരെ പരസ്യമായി പ്രതികരിച്ച ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ ഡിസിസി മുന്‍ അധ്യക്ഷന്‍ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലിജുവിനെതിരെ പരസ്യപ്രതികരണവുമായി കുഞ്ഞുമോന്‍ രംഗത്തെത്തി. ഇതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച എം ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ച്  നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലെക്‌സ് വെച്ചത് ഇല്ലിക്കല്‍ കുഞ്ഞുമോന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.   ലിജുവിനെ തോല്‍പ്പിക്കാന്‍ ഫ്ളക്‌സ് ബോര്‍ഡടക്കം സ്ഥാപിച്ച് കുഞ്ഞുമോന്‍ സമാന്തര പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി സഞ്ജീവ് ഭട്ട് അടക്കം നിരവധി പേര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോനോട് വിശദീകരണം ആവശ്യപ്പെട്ടു. കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് കഴിഞ്ഞദിവസം കെപിസിസി  കുഞ്ഞുമോനെ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്.

സസ്പെൻഷനിലായ കുഞ്ഞുമോൻ പിന്നീട് വാർത്ത സമ്മേളനം വിളിച്ച് പാർട്ടി നടപടിയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ ഉന്നത നേതാവും ലിജുവും ചേര്‍ന്നായിരുന്നെന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നും വ്യാപകമായി പണം ഇറക്കിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പറഞ്ഞു. കോണ്‍ഗ്രസ് 73 സീറ്റില്‍ തോറ്റപ്പോള്‍ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തി. നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.