പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയോട് വിധേയത്വം: എ.വിജയരാഘവന്‍ 

 
vijayaraghavan


കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയോട് വിധേയത്വമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും കടുത്ത പിണറായി വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഇവര്‍ക്ക് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. 14 ഡി സി സി പ്രസിഡണ്ടുമാരെ തീരുമാനിക്കാനുള്ള ത്യാഗം കണ്ടു. തര്‍ക്കം പരിഹരിക്കാനുള്ള കൂട്ടയോട്ടമാണിപ്പോള്‍. വന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത്പക്ഷത്തോടടുക്കുകയാണ്. മുസ്ലീംലീഗിലും വലിയ പ്രശ്‌നം ആണ്. ലീഗിന് മധ്യസ്ഥം പറയാന്‍ ആരുമില്ല. ഇനിയും ആളുകള്‍ യുഡിഎഫ് വിടുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

അതേസമയം കെ.ടി ജലീലിന് പിന്തുണ നല്‍കിയില്ലെന്ന് മാധ്യമങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന മറുപടി സി.പി.എം പറയണമെന്ന് വാശിപിടിക്കരുത്. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും പൊതു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ് ലിം ലീഗിന്റെ രാഷ്ട്രീയ പരിമിതികളെ സിപിഎം ശക്തമായി വിമര്‍ശിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന കേന്ദ്രവിരുദ്ധ പ്രക്ഷോഭം തിരുവനന്തപുരം ജിപിഒയില്‍ ഉദ്ഘാടനം വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.